ഉറ്റവർ കൈവിട്ടു; തെരുവിൽ ഉപേക്ഷിക്കപ്പെട്ട നാരായണന് അന്ത്യകർമങ്ങൾ ചെയ്ത് ഇർഫാന ഇഖ്ബാൽ

ഉപ്പള: വായിൽ ക്യാൻസർ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്ത് ചിഗ്റുപദവ് സ്വദേശി നാരായണൻ (64) അന്തരിച്ചു. വ്യാഴാഴ്ചയായിരുന്നു (25.06.2026) അന്ത്യം. എന്നാൽ, മരണവിവരമറിഞ്ഞിട്ടും മൃതദേഹം ഏറ്റുവാങ്ങാൻ ഉറ്റവരും ബന്ധുക്കളും തയ്യാറാകാതിരുന്നത് നാടിനെ കണ്ണീരിലാഴ്ത്തി.

ഒരു മാസം മുൻപാണ് നാട്ടിലെ ഒരു കടവരാന്തയിൽ ആഴ്ചകളോളം ഭക്ഷണം പോലും കഴിക്കാതെ മൃതപ്രായനായ നിലയിൽ നാരായണനെ കണ്ടെത്തുന്നത്. വാർഡ് മെമ്പർ ശരീഫ് ചിനാല ഈ ദയനീയ അവസ്ഥ ജില്ലാ പഞ്ചായത്ത്‌ മെമ്പറും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാലിനെ അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ സ്ഥലത്തെത്തിയ ഇർഫാന, ജില്ലാ കളക്ടറേയും ജില്ലാ മെഡിക്കൽ ഓഫിസറെയും വിവരങ്ങൾ ബോധിപ്പിച്ചു. തുടർന്ന് ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ പ്രവർത്തകരുടെ സഹായത്തോടെ അദ്ദേഹത്തെ കുളിപ്പിച്ച് വൃത്തിയാക്കി, പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മാസമായി അവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് വ്യാഴാഴ്ച നാരായണൻ മരണത്തിന് കീഴടങ്ങിയത്.

സമ്മതപത്രം നൽകി കൈയൊഴിഞ്ഞു; അന്ത്യകർമങ്ങൾ നിർവഹിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ

മരണവിവരം മഞ്ചേശ്വരം പൊലീസ് ബന്ധുക്കളെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ നാരായണൻ്റെ രണ്ട് ഭാര്യമാരും മക്കളും സഹോദരിയും ചേർന്ന് മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഇർഫാനയ്ക്ക് സമ്മതപത്രം നൽകി കൈയൊഴിയുകയായിരുന്നു.

കുടുംബം നൽകിയ സമ്മതപത്രം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന് കൈമാറിയ ശേഷം മൃതദേഹം ആംബുലൻസിൽ ഉപ്പളയിൽ എത്തിച്ചു. തുടർന്ന് ചെറുഗോളി പൊതുശ്മശാനത്തിൽ വെച്ച്, മകളുടെ സ്ഥാനത്ത് നിന്ന് ഹൈന്ദവ ആചാരപ്രകാരം ഇർഫാന ഇഖ്ബാൽ ചിതയ്ക്ക് തീ കൊളുത്തി അന്ത്യകർമങ്ങൾ നിർവഹിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകരായ റിയാസ് പിലാത്തറ, മഹ്‌മൂദ് കൈകമ്പ തുടങ്ങിയവരും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മനുഷ്യത്വത്തിൻ്റെ മാതൃക ഉറ്റവർ നഷ്ടപ്പെട്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ട അമ്പതോളം മാതാപിതാക്കളെ സംരക്ഷിക്കുന്ന ഉപ്പളയിലെ ഷെയ്ഖ് സായിദ് വൃദ്ധമന്ദിരത്തിൻ്റെ സ്ഥാപക കൂടിയാണ് ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ ഇർഫാന ഇഖ്ബാൽ. രാഷ്ട്രീയ-മത ഭേദമന്യേ ഇർഫാന കാണിച്ച ഈ ഉദാത്തമായ മനുഷ്യത്വപരമായ സമീപനം ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *