സി.പി.സി.ആർ.ഐ പടിഞ്ഞാർ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു; എരിയാൽ നിവാസികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമം

എരിയാൽ: പ്രദേശവാസികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സി.പി.സി.ആർ.ഐ പടിഞ്ഞാർ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുള്ളക്കുഞ്ഞി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഫൗസിയ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.

കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി സൗജന്യമായി സ്ഥലം വിട്ടുനൽകിയ ബി.എ. മൊയ്‌ദീൻ കുട്ടിയുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ മുക്തകണ്ഠം പ്രശംസിച്ചു. നാടിന്റെ വികസനത്തിനായി മാതൃകാപരമായ വലിയൊരു പങ്കാണ് ഈ കുടുംബം നിർവഹിച്ചതെന്ന് ഉദ്ഘാടകർ ചൂണ്ടിക്കാട്ടി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാഷിദ മുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ അമീർ മഠം, ധർമപാലൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അൻവർ ചേരങ്കൈ, ഹനീഫ ചേരങ്കൈ, വേലായുധൻ, സലാം ചേരങ്കൈ, ജാഫർ അക്കര, സക്കീർ ഹുസൈൻ, രാമകൃഷ്ണൻ, മോഹനൻ, അഹമ്മദ് ചൗക്കി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

അബ്ദുൽ റഹിമാൻ കെൽ സ്വാഗതവും അലി എരിയാൽ നന്ദിയും രേഖപ്പെടുത്തി. പദ്ധതിയുടെ ഗുണഭോക്താക്കളും നാട്ടുകാരും വൻതോതിൽ പങ്കെടുത്ത ചടങ്ങിൽ കൈരളി കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ മധുരപാനീയ വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *