ഉദുമ: ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടി കാസർഗോഡ് വീണ്ടും ഫുട്ബോൾ കട്ടൗട്ടുകളുടെ പൂരം. ഉദുമ പൂച്ചക്കാട്ടെ പോർച്ചുഗൽ ആരാധകർ ചേർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 48 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ടാണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. ഒരു നാലുനില കെട്ടിടത്തിന്റെ അത്രയും ഉയരമുള്ള ഈ കട്ടൗട്ട് കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
മുപ്പതിലധികം വരുന്ന പ്രാദേശിക പോർച്ചുഗൽ ആരാധകർ ചേർന്നാണ് പൂച്ചക്കാട് സംസ്ഥാനപാതയോരത്ത് ഈ വിസ്മയം ഒരുക്കിയത്. ഏകദേശം ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച്, 10 ദിവസത്തെ കഠിനാധ്വാനത്തിലൂടെയാണ് കളിപ്രേമികൾ ഈ കട്ടൗട്ട് നിർമ്മിച്ചെടുത്തത്. ലോകകപ്പിനോട് അനുബന്ധിച്ച് കാസർഗോഡ് ജില്ലയിൽ സ്ഥാപിച്ചതിൽ വച്ച് ഏറ്റവും ഉയരം കൂടിയ കട്ടൗട്ട് ഇതാണെന്നാണ് ആരാധകരുടെ അവകാശവാദം. മഴ നനഞ്ഞാലും കേടുപാടുകൾ സംഭവിക്കാത്ത രീതിയിലുള്ള പ്രത്യേക മെറ്റീരിയൽ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മുഹാജിർ പൂച്ചക്കാട്, നജു വടക്കൻ, ഷഹൽ ബാലിദിയ, ഇമ്രാൻ ജർമ്മൻ, ബി.കെ. അജ്മൽ, സിനാൻ കപ്പണ, ശാക്കിർ, ഹാഷിർ, മുഹമ്മദ് (പൂച്ചു), സമാൻ, മുബഷിർ, റാഫി, സഫ്വാൻ, തജുദ്ദീൻ, മനാസിർ, റാസിക്, സർഫ്രാസ്, ഹാഷിർ, സവാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൂച്ചക്കാട് ഈ കൂറ്റൻ കട്ടൗട്ട് ഉയർത്തിയത്. വരും ദിവസങ്ങളിൽ ലോകകപ്പ് ആവേശം ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ ഫുട്ബോൾ പ്രേമികൾ.













Leave a Reply