ബേക്കൽ കോട്ടയ്ക്ക് സമീപം കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി; രണ്ടുപേർ രക്ഷപ്പെട്ടു

കാസർകോട്: ബേക്കൽ കോട്ടയ്ക്ക് സമീപം പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാർത്ഥികളെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അംഗിത് (20), അപ്പു ടി. എബ്രഹാം (20) എന്നിവരെയാണ് കടലിൽ കാണാതായത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ഈ സംഭവം നടന്നത്.

കൂട്ടപ്പൊരിച്ചിലിനിടയിൽ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം, ചങ്ങനാശ്ശേരി ഭാഗങ്ങളിൽ നിന്ന് കാസർകോട് സന്ദർശനത്തിനായി എത്തിയ നാലംഗ വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ബീച്ചിലിറങ്ങി കടലിൽ കുളിക്കുന്നതിനിടെ ഇവർ ശക്തമായ തിരമാലയിലും ഒഴുക്കിലും പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ബേക്കൽ പൊലീസും, കോസ്റ്റ് ഗാർഡും ഉടനടി സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. പ്രദേശം ഇപ്പോൾ കനത്ത ആശങ്കയിലാണ്. പ്രക്ഷുബ്ധമായ കടലും വെളിച്ചക്കുറവും രാത്രിയിലെ തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾക്കായി തീരപ്രദേശങ്ങളിൽ ഊർജ്ജിതമായ തെരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *