കാസർകോട്: സോളാർ ഡ്രയറിൽ സൂക്ഷിച്ചിരുന്ന 235 കിലോ അടയ്ക്ക കവർച്ച ചെയ്‌ത കേസിൽ മൂന്നുപേരെ ബദിയടുക്ക പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്‌തു. കിന്നിംഗാർ കൈപ്പമംഗല ഹൗസിലെ കെ. ഗണേഷ് (29), ഗുത്തിയടുക്ക ഹൗസിലെ ശിശിർ കുമാർ (19), സതീഷ് കുമാർ (31) എന്നിവരെയാണ് പൊലീസ് സംഘം പിടികൂടിയത്.
മോഷണം നടന്നത് ജൂലൈ ആദ്യം
കുംബഡാജെ പഞ്ചായത്തിലെ ഏത്തടുക്ക സ്വദേശി ഇബ്രാഹിമിൻ്റെ വീടിനു സമീപത്ത് സോളാർ ഡ്രയറിൽ സൂക്ഷിച്ചിരുന്ന അടയ്ക്കയാണ് കവർച്ച ചെയ്യപ്പെട്ടത്. ജൂലൈ രണ്ടിനും മൂന്നിന് വൈകുന്നേരം അഞ്ചുമണിക്കും ഇടയിലുള്ള സമയത്താണ് പ്രതികൾ മോഷണം നടത്തിയത്. ലോക്ക് ചെയ്തിരുന്ന ഡ്രയർ തകർത്തായിരുന്നു കവർച്ച. അടയ്ക്ക കാണാതായതിനെ തുടർന്ന് ഇബ്രാഹിം ബദിയടുക്ക പൊലീസിൽ പരാതി നൽകുകയായിരുന്നു.
തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ്
ഇബ്രാഹിം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബദിയടുക്ക പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ബദിയടുക്ക പോലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്‌ണ ആർ.പിയുടെ നേതൃത്വത്തിൽ എസ്.ഐ രൂപേഷ്, എ.എസ്.ഐ പ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർന്മാരായ ഗോകുൽ, ശ്രീനേഷ് എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ നിലവിൽ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ആദൂർ മോഷണക്കേസിലും തുമ്പുണ്ടാകുമെന്ന് പ്രതീക്ഷ
പ്രതികളുടെ അറസ്റ്റോടെ അടുത്തിടെ ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മറ്റൊരു അടയ്ക്കാ മോഷണ കേസിനും തുമ്പാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രതീക്ഷ. സമാനമായ രീതിയിൽ പ്രദേശത്ത് മുൻപും മോഷണങ്ങൾ നടന്നിട്ടുള്ളതിനാൽ പ്രതികൾക്ക് ഇതിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.













Leave a Reply