കൊച്ചി: മുൻകാലങ്ങളിൽ കേസുകളിൽ പ്രതിയായിരുന്നുവെന്ന കാരണത്താൽ പൊലീസ് ഇപ്പോഴും തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് അർജുൻ ആയങ്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കോതമംഗലം എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരെയാണ് പരാതി. യാതൊരുവിധ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് തന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അർജുൻ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ചായിരുന്നു കോതമംഗലം പൊലീസ് അർജുൻ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. മരട് അനീഷിന്റെ കൂട്ടാളികളും പിടിയിലായവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച ആഡംബര വാഹനങ്ങളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, യാതൊരു കാരണവുമില്ലാതെയാണ് തന്നെ റിസോർട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് ഹൈവേ റോബറി (ദേശീയപാത കവർച്ച) ആസൂത്രണം ചെയ്തുവെന്ന് പറഞ്ഞ് കള്ളക്കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു എന്നുമാണ് അർജുന്റെ ആക്ഷേപം.
സിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ജാമ്യം റദ്ദാക്കാൻ പൊലീസ്
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ അർജുൻ ആയങ്കി സാമൂഹിക മാധ്യമങ്ങളിലൂടെ കോതമംഗലം സി.ഐ പ്രശാന്തിനെതിരെ പരസ്യ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ സി.ഐയെ അനുവദിക്കില്ലെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അർജുന്റെ ഭീഷണി.
“നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല. ഞാൻ ചത്താലും നിന്നെയതിനനുവദിക്കില്ല. നിയമപരമായും കായികമായും നേരിടാൻ തയ്യാറാണ്” – അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഈ പോസ്റ്റിന് പിന്നാലെ സി.ഐയെ ഭീഷണിപ്പെടുത്തിയതിൽ അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം പൊലീസ് പുതിയ കേസെടുത്തിരുന്നു. ഇതിന് പുറമെ, ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അർജുന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ടും നൽകിയിട്ടുണ്ട്. പൊലീസിന്റെ ഈ നീക്കങ്ങൾക്കിടയിലാണ് ഇപ്പോൾ കള്ളക്കേസുകൾക്കെതിരെ അർജുൻ ആയങ്കി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.















Leave a Reply