ലഹരിക്കെതിരെ കായികബോധം; ജി.എസ്.ബി.എസ് കുമ്പളയിൽ സബ് ജില്ലാതല ഫുട്ബോൾ ഫെസ്റ്റിന് തുടക്കമായി

കുമ്പള: സ്കൂൾ തലങ്ങളിൽ കുട്ടികളിൽ കായിക ബോധം വളർത്തിക്കൊണ്ട് വരേണ്ടത് വർത്തമാനകാലത്തിന്റെ ആവശ്യമാണെന്ന് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള അഭിപ്രായപ്പെട്ടു. ലഹരി പദാർഥങ്ങൾ സമൂഹത്തെ കാർന്നുതിന്നുന്ന ഒരു സാമൂഹിക വിപത്തായി മാറിയ ഈ കാലഘട്ടത്തിൽ, കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ഫുട്ബോൾ പോലെയുള്ള കായിക മത്സരങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജി.എസ്.ബി.എസ് കുമ്പള സബ് ജില്ലാതലത്തിൽ മത്സരിക്കേണ്ട ടീമിനെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ഫുട്ബോൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർഗോഡ് ജില്ലാ അക്വാറ്റിക് അസോസിയേഷൻ ട്രഷറർ കൂടിയാണ് അഷ്‌റഫ്‌ കർള.

കുമ്പള സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ കായിക അധ്യാപകൻ അഹമ്മദ് ജുബൈർ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ കോച്ചുമാരായ മുഹമ്മദ്‌ മണ്ണംകുഴി, സാഹിൽ ബന്ദിയോട് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു. അറബിക് അധ്യാപകൻ റിയാസ് പേരാൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

സബ് ജില്ലാതല മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിക്കേണ്ട മികച്ച പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്ബോൾ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *