കൊച്ചിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് കാസർകോട് സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: നഗരത്തിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. ഉദുമ മൈലാട്ടി ബാര ബട്ട്യംകോട്ട് വീട്ടിൽ സി.എൻ. നാരായണൻ നായരുടെ മകൻ സുനിൽകുമാർ വള്ളിയോടൻ (47) ആണ് മരിച്ചത്. കൊച്ചിയിൽ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

വ്യാഴാഴ്ച രാത്രി കച്ചേരിപ്പടി ജംഗ്ഷനും നോർത്ത് മേൽപ്പാലത്തിനുമിടയിൽ ബാങ്ക് ഒഫ് ബറോഡയ്ക്ക് മുന്നിലായിരുന്നു അപകടം. തിരക്കേറിയ റോഡിൽ അമിതവേഗതയിലെത്തിയ ബസ് സുനിൽകുമാർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് വീണ സുനിൽകുമാറിന്റെ തലയിലൂടെ ബസിന്റെ ടയറുകൾ കയറിയിറങ്ങി. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് തൊട്ടുപിന്നാലെ ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു.

എറണാകുളം കവിത തിയറ്ററിന് സമീപത്തെ ലോഡ്ജിൽ താമസിച്ച് വരികയായിരുന്ന സുനിൽകുമാർ ഒരു മാസം മുമ്പാണ് കൊച്ചിയിൽ ജോലിക്കെത്തിയത്. എറണാകുളം ലിസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വെള്ളിയാഴ്ച വൈകീട്ടോടെ മൃതദേഹം നാട്ടിലെത്തിക്കും. രേഷ്മയാണ് ഭാര്യ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *