മോഷ്‌ടാക്കളെ പിടികൂടാൻ സഹായിച്ച നാട്ടുകാർക്ക് അമ്പലത്തറ പോലീസിന്റെയും വ്യാപാരിയുടെയും ആദരവ്‌

അമ്പലത്തറ: ക്യൂമാർട്ട് എന്ന വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതികളെ സാഹസികമായി പിടികൂടാൻ പോലീസിനെ സഹായിച്ച നാട്ടുകാരെ അമ്പലത്തറ പോലീസ് ആദരിച്ചു. നാട്ടുകാരായ രതീഷ് അമ്പലത്തറ, മൊയ്ദീൻ അമ്പലത്തറ, പുരുഷോത്തമൻ ആനക്കല്ല് എന്നിവർക്കാണ് പോലീസിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങളും ആദരവും ഒരുക്കിയത്.

ജൂൺ എട്ടിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലത്തറയിലെ ക്യൂമാർട്ട് എന്ന സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് പണവും സാധനങ്ങളും കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നംഗ സംഘത്തിലെ ഒരാളെ ഈ മൂവർസംഘം ചേർന്ന് പിടികൂടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ്, നാട്ടുകാർ പിടികൂടിയ പ്രതിയിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്ത്രപരമായി നീങ്ങി. തുടർന്ന് ഒന്നര മണിക്കൂറിനുള്ളിൽ തന്നെ ഒളിവിലായിരുന്ന മറ്റ് രണ്ട് പ്രതികളെയും മൂന്നാം മൈലിൽ നിന്ന് പോലീസ് വലയിലാക്കി.

കൃത്യസമയത്ത് ധീരതയോടെ ഇടപെട്ട് പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാൻ സഹായിച്ചതിനാണ് നാട്ടുകാരെ പോലീസ് ആദരിക്കാൻ തീരുമാനിച്ചത്. ആദരിക്കൽ ചടങ്ങിൽ അമ്പലത്തറ ഇൻസ്പെക്ടർ സി. ഷാജു ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. എ.എസ്.ഐ. മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ ടി.വി. പ്രമോദ്, എ.എസ്.ഐ. ജയരാജൻ, പി.ആർ.ഒ. വിനോദ് കോടോത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പോലീസിന്റെ ഉപഹാരത്തിന് പുറമെ, പ്രതികളെ പിടികൂടാൻ സഹായിച്ച മൂന്ന് പേർക്കും വ്യാപാര സ്ഥാപന ഉടമ ക്യാഷ് അവാർഡും സമ്മാനിച്ചു. ധീരതയും സാമൂഹിക പ്രതിബദ്ധതയും കാട്ടിയ നാട്ടുകാരെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *