ആലംപാടി: സാമൂഹിക-സാംസ്കാരിക സംഘടനയായ ആസ്ക് ആലംപാടിയുടെ നേതൃത്വത്തിൽ, ആസ്ക് ജി.സി.സി കമ്മിറ്റി ഒരുക്കിയ സ്നേഹ സമ്മാനവും അനുമോദന ചടങ്ങും പ്രൗഢിയോടെ നടന്നു. ആലംപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങ് നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനൂപ് എസ്. ഉദ്ഘാടനം ചെയ്തു. മൈ ഭാരത് കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ആശാ ഫ്രാൻസിസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആസ്ക് ജി.സി.സി പ്രസിഡന്റ് മുഹമ്മദ് ആലംപാടി മുഖ്യപ്രഭാഷണം നടത്തി.
വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി പഠനോപകരണ വിതരണം സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്കായുള്ള യൂണിഫോം, ബാഗ്, കുട എന്നിവ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി ജി.സി.സി കമ്മിറ്റി കാത്തുസൂക്ഷിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
പ്രതിഭകൾക്ക് ആദരം കഴിഞ്ഞ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, അവരെ ഈ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും പി.ടി.എ കമ്മിറ്റിയെയും സ്നേഹോപഹാരം നൽകി ചടങ്ങിൽ അനുമോദിച്ചു.
കൂടാതെ, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് (Ph.D) നേടി നാടിന് അഭിമാനമായി മാറിയ ആലംപാടി ജി.എച്ച്.എസ്.എസിലെ പൂർവ്വ വിദ്യാർത്ഥിയും നാട്ടുകാരനുമായ ഡോക്ടർ അബ്ദുൽ ഹമീദിന് ആസ്ക് ജി.സി.സി കമ്മിറ്റിയുടെ പ്രത്യേക അനുമോദനവും ഉപഹാര സമർപ്പണവും നടന്നു.
ചടങ്ങിൽ വാർഡ് മെമ്പർ മാഹിൻ ആലംപാടി, പി.ടി.എ പ്രസിഡന്റ് കെ.കെ. അബൂബക്കർ, സ്കൂൾ പ്രിൻസിപ്പൽ റംല എസ്.ആർ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് അബ്ദുൽ ഹക്കീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആസ്ക് ജനറൽ സെക്രട്ടറി ഹവാസ് സ്വാഗതവും, ആസ്ക് ജി.സി.സി ജനറൽ സെക്രട്ടറി ദാവൂദ് മിഹ്റാജ് നന്ദിയും പറഞ്ഞു.













Leave a Reply