ശ്രീകാര്യത്തെ 17-കാരന്റെ കൊലപാതകം: കാരണം ഇൻസ്റ്റഗ്രാം മെസ്സേജുകൾ; പ്രതികളിൽ ഒരാൾ റൗഡി ലിസ്റ്റിലുള്ളയാൾ

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസ്സുകാരനായ അഭിറാമിനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാം വഴി മെസ്സേജ് അയച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് അരുംകൊലയിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ എം.ഡി. അഭിറാമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം മുതൽ അഭിറാമിനെ കാണാനില്ലായിരുന്നു. വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച വഴിയോരത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

വിളിച്ചുവരുത്തിയത് പെൺകുട്ടിയെക്കൊണ്ട്

അഭിറാം ഇൻസ്റ്റഗ്രാം വഴി തനിക്ക് നിരന്തരമായി സന്ദേശങ്ങൾ അയക്കാറുണ്ടെന്ന് പെൺകുട്ടി കാമുകനോട് പറഞ്ഞിരുന്നു. തുടർന്ന് പ്രായപൂർത്തിയാകാത്ത കാമുകൻ പെൺകുട്ടിയെക്കൊണ്ട് പാങ്ങപ്പാറയിലേക്ക് വരാൻ അഭിറാമിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയ അഭിറാമിനെ കാമുകനായ പതിനേഴുകാരനും സുഹൃത്തും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രതികളിൽ ഒരാൾ മോഷണക്കേസിലെ പ്രതി

പോലീസ് കസ്റ്റഡിയിലുള്ള ശ്രീകാര്യം സ്വദേശി ഉമർ പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം എൻജിനീയറിങ് കോളേജിന് സമീപം തലയിൽക്കോണത്ത് നടന്ന മോഷണക്കേസിൽ ഉമറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടുകാർ ഗുരുവായൂർ ദർശനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 85,000 രൂപയും അരപ്പവൻ സ്വർണവും കവർന്ന കേസിലായിരുന്നു അന്നത്തെ അറസ്റ്റ്. അന്ന് ഇയാൾക്കൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു.

നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യത്തിലും ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ കൊലപാതകം സംബന്ധിച്ച പൂർണ വിവരങ്ങൾ വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *