ഓട്ടോയിൽ കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണ കൈചെയിൻ പോലീസിൽ ഏൽപ്പിച്ച് സ്കൂൾ വിദ്യാർത്ഥി

കാസർകോട്: സ്കൂളിലേക്ക് പോകുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ കൈചെയിൻ പോലീസിൽ ഏൽപ്പിച്ച് മാതൃകയായി എട്ടാം ക്ലാസ് വിദ്യാർത്ഥി. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും കോളിയടുക്കം വയലാംകുഴിയിലെ നാരായണന്റെ മകനുമായ നിയോഗ് നാരായണനാണ് സത്യസന്ധതയിലൂടെ പ്രശംസ നേടിയത്.

വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകാനായി ഓട്ടോറിക്ഷയിൽ കയറിയപ്പോഴാണ് സീറ്റിൽ ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണ കൈചെയിൻ കിടക്കുന്നത് നിയോഗിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ സുഹൃത്തിനൊപ്പം മേൽപറമ്പ് പോലീസ് സ്റ്റേഷനിലെത്തിയ വിദ്യാർത്ഥി സ്വർണാഭരണം പോലീസിന് കൈമാറുകയായിരുന്നു.

പോലീസ് ഉടമയെ കണ്ടെത്താൻ അന്വേഷണം നടത്തുന്നതിനിടെയാണ് എരമം സ്വദേശിനിയായ അധ്യാപിക അശ്വതി തന്റെ ആഭരണം നഷ്ടപ്പെട്ടതായി കാണിച്ച് വൈകുന്നേരത്തോടെ സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. തുടർന്ന് സ്റ്റേഷനിലുണ്ടായിരുന്ന ആഭരണം തന്റേതാണെന്ന് അധ്യാപിക തിരിച്ചറിഞ്ഞു.

ശനിയാഴ്ച രാവിലെ നിയോഗിനെയും അധ്യാപികയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എസ്.ഐ ടി. അഖിൽ, റൈറ്റർ രാജേന്ദ്രൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ നിയോഗ് തന്നെ സ്വർണാഭരണം അധ്യാപികയ്ക്ക് തിരികെ ഏൽപ്പിച്ചു. നഷ്ടപ്പെട്ടെന്ന് കരുതിയ ആഭരണം തിരികെ ലഭിച്ചതിൽ അധ്യാപിക നന്ദി അറിയിച്ചു.

ആറുമാസം മുൻപും സമാനമായ രീതിയിൽ നിയോഗിന് ഒന്നരപ്പവൻ സ്വർണാഭരണം കളഞ്ഞുകിട്ടിയിരുന്നു. അന്നും അത് ഉടമസ്ഥർക്ക് തന്നെ തിരികെ ഏൽപ്പിച്ച് ഈ കൊച്ചുമിടുക്കൻ ശ്രദ്ധേയനായിരുന്നു. വിദ്യാർത്ഥിയുടെ മാതൃകാപരമായ ഈ പ്രവൃത്തിയെ പോലീസും സ്കൂൾ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *