മേൽപ്പറമ്പ്: കളനാട്ടെ വനിതാ സഹകരണ സൊസൈറ്റിയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കീഴൂർ സ്വദേശി കെ. സാജുദ്ദീനെയാണ് (47) കോടതി റിമാൻഡ് ചെയ്തത്. മേൽപ്പറമ്പ് എസ്.ഐ ടി. അഖിലിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
കളനാട് പ്രവർത്തിക്കുന്ന ചെമ്മനാട് വനിതാ സർവീസ് സൊസൈറ്റിയിൽ 2026 മാർച്ച് 23, 26, ഏപ്രിൽ 16, ജൂൺ 6 എന്നീ തീയതികളിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. മാലയും വളകളുമടക്കം 48.21 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 4.40 ലക്ഷം രൂപയാണ് ഇയാൾ കൈക്കലാക്കിയത്. സൊസൈറ്റിയിൽ സ്വർണം പരിശോധിക്കാൻ അപ്രൈസർ ഇല്ലാത്ത സാഹചര്യം മുതലെടുത്തായിരുന്നു തട്ടിപ്പ്. നാലാം തവണ ആഭരണങ്ങൾ പണയം വെച്ചപ്പോൾ ജീവനക്കാർക്ക് സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് പണയം വെച്ചതെല്ലാം മുക്കുപണ്ടമാണെന്ന് വ്യക്തമായത്. തുടർന്ന് സൊസൈറ്റി സെക്രട്ടറി ഉഷാകുമാരി നൽകിയ പരാതിയിലാണ് മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്.
കേസെടുത്തതോടെ ഒളിവിൽ പോയ സാജുദ്ദീൻ കേരളത്തിലും കർണാടകയിലുമായി ഒളിത്താവളങ്ങൾ മാറിമാറി കഴിയുകയായിരുന്നു. ഇതിനിടെ, ജയിലിൽ നിന്നിറങ്ങിയ സുഹൃത്തിനെ കാണാൻ പ്രതി ബേവിഞ്ചയിലെത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ബേവിഞ്ചയിലെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നാണ് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
കർണാടകയിലെ സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലായി ഒമ്പതോളം കവർച്ചാക്കേസുകളിൽ പ്രതിയാണ് സാജുദ്ദീൻ എന്ന് പൊലീസ് പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവൻ കളത്തിൽ, ഡാൻസാഫ് സംഘത്തിലെ ആരിഫ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.












Leave a Reply