കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ അറസ്റ്റിലായി. ബദിയടുക്ക നീർച്ചാൽ സ്വദേശിയായ വൈ. ബൈജുവിനെയാണ് (41) ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടർന്ന് ഇയാളെ ജില്ലാ പൊലീസ് മേധാവി അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സ്റ്റേഷൻ പരിധിയിൽ നിന്ന് കളഞ്ഞുകിട്ടിയ ഏകദേശം പതിനായിരം രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ സൂക്ഷിച്ചിരുന്നത് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു കൈക്കലാക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഫോണിന്റെ യഥാർത്ഥ ഉടമ സ്റ്റേഷനിലെത്തി തിരികെ ചോദിച്ചപ്പോഴാണ് ഫോൺ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.
തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ഈ മാസം 16-ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്താണ് ബൈജു ഫോൺ എടുത്തതെന്നും ഇത് ബദിയടുക്കയിലെ മറ്റൊരാൾക്ക് വിറ്റതായും കണ്ടെത്തി. ഫോണിന്റെ ഐ.എം.ഇ.ഐ (IMEI) നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോൺ നിലവിൽ ഉപയോഗിക്കുന്ന ആളെ തിരിച്ചറിഞ്ഞത്. ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതോടെ തനിക്ക് ഫോൺ വിറ്റത് ബൈജുവാണെന്ന് ഇയാൾ വ്യക്തമാക്കുകയായിരുന്നു.
തുടർന്ന് ബൈജുവിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.














Leave a Reply