‘ഓപറേഷൻ തെളിമ 2.0’: ചെർക്കളയിലും മേൽപ്പറമ്പിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 5 സ്ഥാപനങ്ങൾ പൂട്ടിച്ചു

കാസർകോട്: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തിച്ച അഞ്ച് ഭക്ഷ്യോത്പാദന യൂണിറ്റുകൾ അധികൃതർ പൂട്ടിച്ചു. ചെർക്കള, മേൽപ്പറമ്പ് മേഖലകളിലെ എണ്ണക്കടികൾ നിർമിക്കുന്ന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസും മൂന്ന് സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും അടിയന്തരമായി സസ്പെൻഡ് ചെയ്തു.

സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ‘ഓപറേഷൻ തെളിമ 2.0’ കർമപദ്ധതിയുടെ ഭാഗമായാണ് പ്രദേശത്ത് രണ്ട് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ശക്തമാക്കിയത്.

പഴകിയ എണ്ണയും പലഹാരങ്ങളും നശിപ്പിച്ചു

പരിശോധനയ്ക്കിടെ ഉപയോഗശൂന്യവും ആരോഗ്യത്തിന് ഹാനികരവുമായ രീതിയിൽ സൂക്ഷിച്ച 93 ലിറ്റർ ഭക്ഷ്യ എണ്ണ, 200 സമൂസകൾ, 35 കിലോഗ്രാം വിവിധയിനം എണ്ണക്കടികൾ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് പലയിടങ്ങളിലും പലഹാരങ്ങൾ നിർമിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ എസ്. സംഗീത് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *