നേതൃത്വത്തിനെതിരെ പടയൊരുക്കം: എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും രാജിയിലേക്ക്

കാസർകോട്: മുസ്ലിം സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എംഎസ്എഫ്) കാസർകോട് ജില്ലാ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി. ജില്ലാ പ്രസിഡൻ്റിൻ്റെയും ജനറൽ സെക്രട്ടറിയുടെയും ഏകപക്ഷീയമായ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ജില്ലാ ട്രഷറർ സർഫറാസ് ബന്തിയോട് ഉൾപ്പെടെ അഞ്ച് പ്രമുഖ ജില്ലാ ഭാരവാഹികൾ സ്ഥാനങ്ങൾ രാജിവെച്ചു. ജില്ലാ നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും കൂട്ടരാജിയിലേക്ക് നീങ്ങുന്നതായാണ് സൂചന.

ജില്ലാ ട്രഷറർ സർഫറാസ് ബന്തിയോട്, വൈസ് പ്രസിഡൻ്റുമാരായ ജംഷീർ മൊഗ്രാൽ, മുർഷിദ് മൊഗ്രാൽ, സെക്രട്ടറിമാരായ ബിലാൽ ആരിക്കാടി, അൻസാർ വൊർക്കാടി എന്നിവരാണ് ഭാരവാഹിത്വം രാജിവെച്ചത്. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികളും ഇന്ന് തന്നെ രാജി സമർപ്പിച്ചേക്കുമെന്നാണ് വിവരം.

തർക്കത്തിന് കാരണം സംസ്ഥാന ഭാരവാഹി നിർണ്ണയം

എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലയിൽ നിന്ന് മുൻ ജില്ലാ ജനറൽ സെക്രട്ടറിയും സീനിയർ നേതാവുമായ സവാദ് അംഗഡിമുഗറിനെ ശുപാർശ ചെയ്യണമെന്ന് ഭൂരിഭാഗം ഭാരവാഹികളും ജില്ലാ പ്രസിഡൻ്റ് സൈഫുദ്ദീൻ തങ്ങൾ, ജനറൽ സെക്രട്ടറി അൻസാർ കുന്നിൽ എന്നിവരോട് ആവശ്യപ്പെട്ടിരുന്നു. സവാദിനെ നിർദ്ദേശിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് നേരത്തെ കമ്മിറ്റിയിൽ ഉറപ്പുനൽകിയിരുന്നതായും പറയപ്പെടുന്നു.

എന്നാൽ ഈ നിർദ്ദേശങ്ങൾ തള്ളി ശാനിഫ് നെല്ലിക്കട്ടയെ സംസ്ഥാന കമ്മിറ്റിയിലേക്ക് ഏകപക്ഷീയമായി നാമനിർദ്ദേശം ചെയ്യുകയായിരുന്നു. തുടർന്ന് പ്രഖ്യാപിച്ച സംസ്ഥാന കമ്മിറ്റിയിൽ ശാനിഫിനെ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. മുൻപ് ജില്ലയിൽ നിന്ന് രണ്ട് പേർക്ക് സംസ്ഥാന ഭാരവാഹിത്വം ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ പ്രാതിനിധ്യം ഒന്നായി ചുരുങ്ങിയതും പ്രവർത്തകർക്കിടയിൽ അതൃപ്തി കൂട്ടി.

പ്രതിസന്ധി രൂക്ഷം

ജില്ലാ ഭാരവാഹികളുമായി ആശയവിനിമയം നടത്താതെയും കൂടിയാലോചനകൾ പൂർണ്ണമായി ഒഴിവാക്കിയും മുന്നോട്ടുപോകുന്ന ജില്ലാ നേതൃത്വത്തിൻ്റെ സമീപനം ജില്ലയിലെ സംഘടനയെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മഞ്ചേശ്വരത്തിന് പുറമെ മറ്റു മണ്ഡലം കമ്മിറ്റികളിലും ഭിന്നത പടരുന്നതായാണ് വിവരം. പ്രവർത്തകരുടെ അഭിപ്രായങ്ങൾ മാനിക്കുന്ന ജനാധിപത്യപരമായ പ്രവർത്തനരീതി പുനസ്ഥാപിക്കണമെന്ന് രാജിവെച്ച ഭാരവാഹികൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *