തെരുവുനായ്ക്കൾക്ക് പിന്നാലെ കാട്ടുപന്നി ശല്യവും; ബന്തിയോട് അട്ക ഒളയം മേഖലയിൽ ജനങ്ങൾ ഭീതിയിൽ

മംഗൽപാടി: തെരുവുനായ ശല്യത്തിന് പിന്നാലെ കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും ശല്യം രൂക്ഷമായതോടെ ബന്തിയോട് അട്ക ഒളയം റോഡ് പരിസരവാസികൾ കടുത്ത ഭീതിയിൽ. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിലാണ് വന്യജീവി ശല്യം കാരണം രാത്രികാലങ്ങളിൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നത്.

കഴിഞ്ഞദിവസം രാത്രി സ്വകാര്യ റോഡിലൂടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന മദ്രസ വിദ്യാർത്ഥികൾക്ക് നേരെ അഞ്ചോളം കാട്ടുപന്നികൾ പാഞ്ഞടുത്തത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. പേടിച്ചരണ്ട കുട്ടികൾ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സന്ധ്യ മയങ്ങിയാൽ കാട്ടുപന്നികളും മുള്ളൻപന്നികളും കൂട്ടത്തോടെ റോഡിലിറങ്ങുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ മാസത്തിൽ ഒരു തവണയെങ്കിലും വാർഡ് മെമ്പർ നേരിട്ടെത്തി ജനങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് മുന്നിൽ വിഷയം ഉന്നയിക്കണമെന്നും പൊതുപ്രവർത്തകൻ മൂസ അട്ക ആവശ്യപ്പെട്ടു. വനംവകുപ്പും പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെട്ട് വന്യജീവി ശല്യത്തിൽ നിന്ന് പ്രദേശവാസികൾക്ക് സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *