കാസർകോട്: ജില്ലയിൽ എംഡിഎംഎ കേസിൽ പിടിയിലായ പ്രതികളെ മൂന്ന് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് 22 വരെയാണ് കസ്റ്റഡി കാലാവധി. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്
കേസിൽ പ്രതികൾക്കായി കോടതിയിൽ ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകനാണ് എന്നത് ശ്രദ്ധേയമായി. കാസർകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികൾക്ക് വേണ്ടി വക്കാലത്ത് എടുത്തത്. മയക്കുമരുന്ന് കേസിൽ, അറസ്റ്റിലായി 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടന്നത്.
‘ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി കുടുക്കി’: പ്രതികൾ
അതേസമയം, കേസിൽ വലിയ ദുരൂഹതയുണ്ടെന്നും തങ്ങളെ ബോധപൂർവം കുടുക്കിയതാണെന്നുമാണ് പ്രതികളുടെ ആരോപണം. പയ്യന്നൂരിലെ ഒരു ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി കേസിൽ പെടുത്തുകയായിരുന്നു എന്ന് പ്രതിയായ അബ്ദുൾ സലാം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മറ്റൊരു പ്രതിയായ മുഹമ്മദ് ഹുസൈനും വ്യക്തമാക്കി.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ തുറന്നുപറയുമെന്നാണ് ഇവരുടെ നിലപാട്. എന്നാൽ കേസിൽ മുഖ്യമന്ത്രിയുമായി ബന്ധമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികൾ മറുപടി നൽകിയില്ല. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചതോടെ ലഹരി ഇടപാടിലെ കൂടുതൽ കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.













Leave a Reply