കാസർകോട്: നഗരത്തിലെ എം.ജി റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തളങ്കര ബാങ്കോട് സ്വദേശിയും വിദ്യാനഗർ ബി.സി റോഡിലെ ഫ്ലെക്സ് പ്രിന്റിംഗ് സ്ഥാപന ഉടമയുമായ ഹനീഫ (55) ആണ് മരിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. പുതിയ ബസ് സ്റ്റാൻഡിൽ നിന്നും പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഹനീഫയെ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഹനീഫയുടെ കാലിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ നാട്ടുകാർ കാസർകോട് ജനറൽ ആശുപത്രിയിലും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.
നേരത്തെ ഗൾഫിലായിരുന്ന ഹനീഫ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് തിരുവനന്തപുരം സ്വദേശി വിജയരാജ്, മുബാറക്ക് ദൃശ്യ എന്നിവരുമായി ചേർന്ന് ഫോർ സൈറ്റ് എന്ന സ്ഥാപനം ആരംഭിച്ചത്. പിന്നീട് പാർട്ണർമാർ പിരിഞ്ഞതോടെ സ്ഥാപനം ഹനീഫ ഒറ്റയ്ക്ക് നടത്തിവരികയായിരുന്നു.
പരേതരായ ഖാദർ–ആയിഷ ദമ്പതികളുടെ മകനാണ്.
- ഭാര്യ: സിബിരിയ.
- മക്കൾ: ഉസ്ന, ഇഷാം (ഗൾഫ്), ആനിയ, അസ്വ.












Leave a Reply