ബെംഗളൂരു-കാസർകോട് കെഎസ്ആർടിസി ബസിന് നേരെ ചീമുട്ടയേറ്; സമഗ്ര അന്വേഷണത്തിന് ഗതാഗത മന്ത്രിയുടെ നിർദേശം

ബെംഗളൂരു: ബെംഗളൂരു സിറ്റിയോട് ചേർന്നുള്ള ബിഡദിയിൽ കെഎസ്ആർടിസി ബസിന് നേരെ അജ്ഞാതരുടെ ആക്രമണം. ബെംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് കഴിഞ്ഞ രാത്രി ചീമുട്ടയേറുണ്ടായത്. സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടർ കർണ്ണാടക ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ പൊലീസിനെ സമീപിക്കാൻ മലയാളി അസോസിയേഷനും തീരുമാനിച്ചു.

ബെംഗളൂരു സിറ്റിക്കടുത്തുള്ള പ്രധാന പാതകളിൽ കേരള രജിസ്ട്രേഷൻ വാഹനങ്ങൾക്കും, പ്രത്യേകിച്ച് കാസർകോട് ഭാഗത്തേക്ക് സർവീസ് നടത്തുന്ന ബസുകൾക്കും നേരെ ഇത്തരം അതിക്രമങ്ങൾ പതിവാണെന്ന് മലയാളി അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 8-ന് ഇതേ സ്ഥലത്തുവെച്ച് മറ്റൊരു കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ടിരുന്നു. അജ്ഞാതർ മുട്ട എറിഞ്ഞതിനെ തുടർന്ന് കാഴ്ച തടസ്സപ്പെട്ടാണോ അന്ന് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് അന്വേഷിക്കാൻ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ പൂർണ്ണമായി തകർന്ന ബസിന്റെ ചില്ലുകളിൽ മുട്ടയേറുണ്ടായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഫൊറൻസിക് പരിശോധന നടത്തണമെന്നാണ് അധികൃതരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *