തലപ്പാടിയിൽ ഫ്രീസർ തകർത്ത് 1.30 ലക്ഷത്തിന്റെ മത്സ്യവും പണവും കത്തികളും കവർന്നു; ദൃശ്യങ്ങൾ സിസിടിവിയിൽ

തലപ്പാടി: തലപ്പാടിയിലെ മത്സ്യമാർക്കറ്റിൽ വൻ കവർച്ച. മാർക്കറ്റിലെ ഫ്രീസറുകൾ തകർത്ത് 1,30,000 രൂപ വിലമതിക്കുന്ന വിവിധയിനം മത്സ്യങ്ങളും 5,000 രൂപയും നാല് കത്തികളും കവർന്നു.

മഞ്ചേശ്വരം ഹൊസബെട്ടുവിലെ അബ്ദുൽ റഹ്‌മാനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന മത്സ്യമാർക്കറ്റിലാണ് മോഷണം നടന്നത്. ഞായറാഴ്‌ച പുലർച്ചെ കച്ചവടം പൂർത്തിയാക്കി അബ്ദുൽ റഹ്‌മാനും സുഹൃത്തുക്കളും കട പൂട്ടി പോയിരുന്നു. തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കട തുറക്കാനായി എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം ഉടമകൾ അറിയുന്നത്.

വിവരമറിയിച്ചതിനെ തുടർന്ന് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. കടയിലെ രണ്ട് ഫ്രീസറുകൾ തല്ലിത്തകർത്ത്, അഞ്ച് ഫൈബർ പെട്ടികളിലായി സൂക്ഷിച്ചിരുന്ന 1,30,000 രൂപയുടെ വിലകൂടിയ പലതരം മത്സ്യങ്ങളാണ് മോഷ്ടാക്കൾ അപഹരിച്ചത്. ഇതിന് പുറമെ കടയിലുണ്ടായിരുന്ന 5,000 രൂപയും മീനുകൾ മുറിക്കാൻ ഉപയോഗിക്കുന്ന 4 കത്തികളും സംഘം കവരുകയായിരുന്നു.

കവർച്ചയുടെ നിർണായക ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ചാക്കുകളിലാക്കിയ മീനുകൾ സ്‌കൂട്ടറിൽ കടത്തിക്കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *