കാസർകോട്: മലബാർ എക്‌സ്പ്രസ് ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം നൽകിയ യുവാവിനെ പോലീസ് പിടികൂടി. ബങ്കളം സ്വദേശി രതീഷ് (42) ആണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് വ്യാജ ഭീഷണി മുഴക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
റെയിൽവേ സ്റ്റേഷനിൽ പരിഭ്രാന്തി, വ്യാപക പരിശോധന
ബുധനാഴ്‌ച രാത്രി ഏഴരയോടെയാണ് സംഭവം. പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച പ്രതി, മലബാർ എക്‌സ്പ്രസിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ് സന്നദ്ധരാവുകയും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കുതിച്ചെത്തുകയും ചെയ്തു.
സ്റ്റേഷനിലുണ്ടായിരുന്നതും കടന്നുപോയതുമായ വിവിധ ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും മണിക്കൂറുകളോളം മിന്നൽ പരിശോധന നടത്തിയെങ്കിലും സംശയസ്പദമായ രീതിയിൽ ബോംബോ മറ്റ് സ്ഫോടകവസ്‌തുക്കളോ കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ വിളിച്ചയാൾ നൽകിയത് വ്യാജ സന്ദേശമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് തിരച്ചിൽ; മാവുങ്കാലിൽ നിന്ന് കസ്റ്റഡിയിൽ
തുടർന്ന്, ഫോൺ സന്ദേശം വന്ന മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വേഗത്തിലാക്കി. പ്രതി കാഞ്ഞങ്ങാട് ഭാഗത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം തിരച്ചിൽ ഊർജ്ജിതമാക്കി.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. അനിൽകുമാർ, സി.ഐ. ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന തെരച്ചിലിനൊടുവിൽ മാവുങ്കാൽ മേൽപ്പാലത്തിന് അടിയിൽ വെച്ചാണ് രതീഷിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
കള്ളക്കഥ പൊളിച്ച് പോലീസ്; അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടു
ചോദ്യം ചെയ്യലിൽ ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതി ശ്രമിച്ചത്. ബീവറേജിന്റെ സമീപത്തുവെച്ച് ജാർഖണ്ഡ് സ്വദേശികളായ രണ്ട് സ്ത്രീകൾ റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചെന്നും, തങ്ങളുടെ കയ്യിൽ ബോംബുണ്ടെന്ന് അവർ പറഞ്ഞതിനാലാണ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതെന്നുമായിരുന്നു പ്രതിയുടെ ന്യായീകരണം.
എന്നാൽ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ മെനഞ്ഞെടുത്ത കള്ളക്കഥയാണിതെന്ന് തെളിയുകയായിരുന്നു. കടുത്ത മദ്യലഹരിയിലാണ് താൻ വ്യാജ സന്ദേശം നൽകിയതെന്ന് പ്രതി ഒടുവിൽ സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്ക് പിന്നീട് നിയമപരമായ നോട്ടീസ് നൽകി സ്റ്റേഷൻ ജാമ്യത്തിൽ അയച്ചു.














Leave a Reply