കാസർകോട്: സുഹൃത്തിന്റെ 16 വയസ്സുകാരിയായ മകളെ ഉറങ്ങിക്കിടക്കുമ്പോൾ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് പോക്സോ കേസുകളിൽ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർളി (25)നെയാണ് മേൽപ്പറമ്പ് പൊലീസ് ഇൻസ്പെക്ടർ എൻ.പി. രാഘവനും സംഘവും ചേർന്ന് മാത്തിൽ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്.
മാത്തിൽ സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ ജയിലിലെ പരിചയം; ഒരു വർഷത്തോളം ഒപ്പം താമസം
മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ മാതാവുമായി കണ്ണൂർ ജയിലിൽ വെച്ചാണ് സ്നേഹ പരിചയപ്പെടുന്നത്. ജയിൽ മോചിതരായ ശേഷം, ഈ പരിചയത്തിന്റെ പേരിൽ സ്നേഹ പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം ഒരു വർഷത്തോളം താമസിച്ചു. ഈ കാലയളവിലാണ് പെൺകുട്ടിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്.
ഭയം കാരണം പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് ഷെൽട്ടർ ഹോമിൽ വെച്ച് നടന്ന കൗൺസിലിംഗിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്. അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ജൂൺ 13-ന് മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു.
അഞ്ചാമത്തെ പോക്സോ കേസ്; മുൻപും ഗുരുതര ആരോപണങ്ങൾ
സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്യുന്ന അഞ്ചാമത്തെ പോക്സോ കേസാണിത്. ഇതിൽ നാല് കേസുകൾ മേൽപ്പറമ്പ്, തളിപ്പറമ്പ് സ്റ്റേഷനുകളിലായി നിലവിലുണ്ട്.
- 2025 ഫെബ്രുവരി: 12 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് സ്നേഹ ആദ്യമായി പോക്സോ കേസിൽ പ്രതിയാകുന്നത്. കുട്ടിയുടെ ബാഗിൽ നിന്ന് ലഭിച്ച ഫോൺ പരിശോധിച്ച അധ്യാപകരാണ് സംഭവം ആദ്യം തിരിച്ചറിഞ്ഞത്. തുടര്ന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിൽ പീഡനവിവരം പുറത്തുവരുകയായിരുന്നു. പെൺകുട്ടിക്ക് സ്വർണ്ണ കൈച്ചെയിൻ നൽകിയ ശേഷമായിരുന്നു പീഡനം.
- മറ്റു കേസുകൾ: ഈ പെൺകുട്ടിയുടെ 15 വയസ്സുകാരനായ സഹോദരനെയും, മറ്റൊരു 14 വയസ്സുകാരനെയും സ്നേഹ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. 14-കാരനെ പീഡിപ്പിച്ച ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായിരുന്നു. ഈ സംഭവങ്ങളിൽ തളിപ്പറമ്പ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇതിനുപുറമേ, തളിപ്പറമ്പിലെ സി.പി.ഐ. നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ റിമാൻഡ് ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.














Leave a Reply