കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയും മഴക്കെടുതികളും തുടരുന്നു. വിവിധ ജില്ലകളിലായി ഉണ്ടായ അപകടങ്ങളിൽ ഇതുവരെ ആറുപേരുടെ മരണം സ്ഥിരീകരിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കരയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ അമ്മയും മകനും ദാരുണമായി കൊല്ലപ്പെട്ടു.
പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ റെജീന, മകൻ ജോസഫിൻ ജോണി (24) എന്നിവരാണ് മരിച്ചത്. ഇടമല ഭാഗത്തുനിന്നും അതിശക്തമായി ഒലിച്ചെത്തിയ ഉരുളാണ് ഇവരുടെ വീടിന് മേലേക്ക് പതിച്ചത്.
അപകടത്തിൽപെട്ടത് വിശ്രമത്തിലായിരിക്കെ
കഴിഞ്ഞ മാസം ഈരാറ്റുപേട്ടയിലുണ്ടായ വാഹനാപകടത്തിൽ കാലിന് പരിക്കേറ്റ് വീട്ടിൽ വിശ്രമത്തിൽ കഴിയവേയാണ് ജോസഫിനെ ദുരന്തം കവർന്നത്. ചൂണ്ടച്ചേരി എഞ്ചിനീയറിങ് കോളേജ് കാന്റീൻ ജീവനക്കാരനാണ് ജോസഫിൻ. പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ് മരിച്ച റെജീന.
സംഭവസമയത്ത് പിതാവ് എം.ജെ. ജോണി തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പെൺമക്കളായ ജോമിറ്റും സോമിറ്റും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.















Leave a Reply