പിഎസ് സി ചെയർമാന്റെ രാജി ആവശ്യപ്പെട്ട് കെഎസ് യു മാർച്ച്: കാസർകോട് ജില്ലാ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം, പ്രവർത്തകർ അറസ്റ്റിൽ

കാസർകോട്: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പിഎസ് സി ചെയർമാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു പ്രവർത്തകർ കാസർകോട് ജില്ലാ പിഎസ് സി ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. കെഎസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂരിന്റെ നേതൃത്വത്തിൽ വെള്ളി ഉച്ചയോടെയായിരുന്നു പ്രതിഷേധം. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട് പിഎസ് സി ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി നിയമനം അട്ടിമറിച്ചതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ പിഎസ് സി ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

വിവരമറിഞ്ഞെത്തിയ പൊലീസ് പ്രവർത്തകരെ തടയുകയായിരുന്നു. കെഎസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, പ്രവർത്തകരായ നുഹ്‌മാൻ സുലൈമാൻ, ടി. വിഷ്‌ണു, എം. മനു, എസ്. സുജിത്ത്, വൈഷ്‌ണവ്, അഭിൻ കൃഷ്‌ണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *