കാസർകോട് എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ജില്ലയിൽ സമാന മരണം തുടർക്കഥയാവുന്നു

കാസർകോട്: ജില്ലയിൽ എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞങ്ങാട്, പടന്നക്കാട് സിയാറത്തിങ്കര ഹെൽത്ത് സെൻ്ററിനു സമീപത്തെ എം.കെ. അബ്ദുൽ റഹ്‌മാൻ്റെ മകൾ എം.കെ. താഹിറ (35) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച രാത്രിയിലായിരുന്നു അന്ത്യം.

അസ്വസ്ഥതകൾ അനുഭവപ്പെട്ടത് ജൂലൈ 28-ന്

ജൂലൈ 28-ന് ഉച്ചയോടെയാണ് താഹിറയ്ക്ക് കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കിടെയാണ് താൻ എലിവിഷം കഴിച്ച വിവരം താഹിറ ഡോക്ടറോട് വെളിപ്പെടുത്തിയത്.

ഉടൻ തന്നെ വിദഗ്‌ധ ചികിത്സയ്ക്കായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ ഹൊസ്‌ദുർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മറ്റൊരു ദുരന്തം കൂടി: വെള്ളരിക്കുണ്ടിലും യുവതിക്ക് ദാരുണാന്ത്യം

മറ്റൊരു സംഭവത്തിൽ, വെള്ളരിക്കുണ്ട് നാട്ടാങ്കല്ലിലെ ദീപ (22) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഭർതൃവീട്ടിൽ വച്ച് എലിവിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ദീപയെ ആദ്യം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ നില അതീവ ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *