കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) മധുകർ റാവുത്തിനും ഉദ്യോഗസ്ഥ സംഘത്തിനും മുന്നിൽ യാത്രക്കാരുടെയും അസോസിയേഷനുകളുടെയും പരാതിപ്രളയം. നിർത്തിവെച്ച പാർസൽ ബുക്കിംഗ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകാനെത്തിയ കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളോട്, സ്റ്റേഷനിൽ നിന്ന് ലഗേജ് ബുക്കിംഗ് സേവനം തുടരുമെന്ന് ഡിആർഎം വ്യക്തമാക്കി.
യാത്രാദുരിതം പരിഹരിക്കുന്നതിനായി നിരവധി നിർദേശങ്ങളാണ് പാസഞ്ചേഴ്സ് അസോസിയേഷൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ചത്:
- ട്രെയിൻ സർവീസുകൾ നീട്ടുക: വൈകുന്നേരം കോഴിക്കോട് നിന്ന് കണ്ണൂർ വരെ സർവീസ് നടത്തുന്ന പാലക്കാട് – കണ്ണൂർ, കോയമ്പത്തൂർ – കണ്ണൂർ പാസഞ്ചർ ട്രെയിനുകൾ കാസർകോട്ടേക്കോ മഞ്ചേശ്വരത്തേക്കോ നീട്ടണം.
- പുതിയ മെമു സർവീസ്: രാവിലെ കണ്ണൂരിൽ നിന്ന് മലബാർ എക്സ്പ്രസിലും കണ്ണൂർ എക്സ്പ്രസിലും സീസൺ ടിക്കറ്റ് യാത്രക്കാർ നേരിടുന്ന കടുത്ത തിരക്ക് പരിഹരിക്കാൻ ആ സമയത്ത് ഒരു മെമു (MEMU) സർവീസ് ആരംഭിക്കണം. ഈ ട്രെയിൻ മംഗളൂരുവിൽ എത്തിച്ച് ഇന്റർസിറ്റിയുടെ പിറകിലായി തിരിച്ച് സർവീസ് നടത്തിയാൽ കണ്ണൂർ – മംഗളൂരു റൂട്ടിൽ കണക്ഷൻ ട്രെയിനായി ഉപയോഗിക്കാം.
- ചെന്നൈ സൂപ്പർഫാസ്റ്റ്: വൈകുന്നേരത്തെ ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ കണ്ണൂർ വരെ സീസൺ ടിക്കറ്റുകാർക്ക് റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്രാനുമതി നൽകണം.
- അന്ത്യോദയ എക്സ്പ്രസ്: അന്ത്യോദയ എക്സ്പ്രസിന് കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുകയും സർവീസ് ദിനംപ്രതിയാക്കുകയും വേണം.
കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രശാന്ത് കുമാർ, ടി.ഇ. അൻവർ എന്നിവർ ചേർന്നാണ് ഡിആർഎമ്മിന് നിവേദനം കൈമാറിയത്. എഡിആർഎം മുഹമ്മദ് ഇസ്ലാം, സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ ബാലമുരളി, ഓപ്പറേഷൻസ് മാനേജർ മിഥുൻ, ശൈലേഷ് കുമാർ എന്നിവരും ഡിആർഎമ്മിനൊപ്പം പരിശോധനാ സംഘത്തിലുണ്ടായിരുന്നു.














Leave a Reply