കാസർകോട്: പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയുടെ കഴുത്തിൽ നിന്ന് മൂന്ന് പവൻ സ്വർണ്ണമാല തട്ടിപ്പറിച്ച സംഘത്തെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ധർമ്മടം സ്വദേശിയായ മുഹമ്മദ് യാസിൻ (20), മട്ടാമ്പ്രത്തെ മുഹമ്മദ് അനസ് (22) എന്നിവരെയാണ് കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ധർമ്മടം ബീച്ചിന് സമീപത്തെ തിരുവോട്ട് ഹൗസിൽ ടി. ലീല (76) എന്ന വയോധികയുടെ മാലയാണ് സംഘം കവർന്നത്. വാടക വീട് അന്വേഷിച്ചെന്ന വ്യാജേനയാണ് പ്രതികൾ ലീലയുടെ വീട്ടിലെത്തിയത്. സംസാരത്തിനിടയിൽ പെട്ടെന്ന് ലീലയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
വയോധികയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും പ്രതികൾ തന്ത്രപരമായി രക്ഷപ്പെട്ടിരുന്നു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കവർച്ചയ്ക്ക് ശേഷം മാല വിറ്റു കിട്ടിയ പണവുമായി കാസർകോട്ടെത്തിയ പ്രതികൾ, ഇവിടെ നിന്ന് വാഹനം വാടകയ്‌ക്കെടുത്ത് കർണ്ണാടകയിലേക്ക് കടക്കുകയായിരുന്നു. വിവരം ഉടൻ തന്നെ കാസർകോട് ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും തുടർന്ന് ധർമ്മടം പൊലീസ് കാസർകോട്ടെത്തി അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
കർണാടകയിലേക്ക് കടന്ന പ്രതികൾക്കായി മംഗളൂരു, സുരത്കല്ല് ഭാഗങ്ങളിൽ നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് പ്രതികൾ വലയിലായത്. മോഷണം നടത്തിയ മാല വിൽക്കാൻ സഹായിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.














Leave a Reply