കാസർകോട് നെല്ലിക്കുന്നിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച; സ്വർണ്ണവും ഗാഡ്‌ജെറ്റുകളും കവർന്നു

കാസർകോട്: നെല്ലിക്കുന്ന് ലൈറ്റ് ഹൗസിനു സമീപത്തെ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. നെല്ലിക്കുന്നിലെ മോഹനൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഒന്നര പവൻ സ്വർണ്ണവും വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടാക്കൾ കവർന്നു.

മോഹനനും കുടുംബവും നിലവിൽ ഗൾഫിലാണ്. മോഹനന്റെ ഭാര്യയുടെ മാതാവ് മുല്ലയാണ് വീട് നോക്കിനടത്തിയിരുന്നത്. കഴിഞ്ഞ ദിവസം വീട്ടിൽ പരിശോധനയ്ക്കായി എത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടതും കവർച്ചാ വിവരം പുറത്തറിയുന്നതും.

വീടിനകത്ത് കടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഒന്നര പവൻ തൂക്കം വരുന്ന പൊട്ടിയ വള, ഐഫോൺ ചാർജ്ജർ, ഇയർഡ്രോപ്പ്, ഹെഡ്സെറ്റ്, രണ്ട് ലാപ്ടോപ്പ് ബാഗുകൾ എന്നിവയാണ് മോഷണം പോയത്.

സംഭവത്തിൽ മുല്ലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും വിരലടയാള വിദഗ്ധരെ എത്തിച്ചുമാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *