കാസർകോട്: ജില്ലയിലെ പ്രമുഖ സർക്കാർ ചികിത്സാ കേന്ദ്രമായ കാസർകോട് ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗികളും ജീവനക്കാരും കടുത്ത ദുരിതത്തിൽ. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയിലാണ്.
ദിവസേന ആയിരത്തിലധികം രോഗികളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ ചികിത്സ തേടിയെത്തുന്നത്. ജനറൽ ഒ.പി, വിദഗ്ധ ഡോക്ടർമാരുടെ ഒ.പി, ഉച്ചയ്ക്കുള്ള പനി ഒ.പി, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം (ക്യാഷ്വാലിറ്റി) എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നിലവിൽ പരിശോധന നടക്കുന്നത്.
പുലർച്ചെ 4 മണി മുതൽ നീണ്ട ക്യൂ
രാവിലെ 7:30-നാണ് ഒ.പി ടോക്കൺ വിതരണം ആരംഭിക്കുന്നതെങ്കിലും, ടോക്കൺ ലഭിക്കാനായി പുലർച്ചെ 4 മണി മുതൽ തന്നെ രോഗികളുടെയും ബന്ധുക്കളുടെയും നീണ്ട ക്യൂ പ്രത്യക്ഷപ്പെടുന്നുണ്ട്. വിദഗ്ധ ഡോക്ടർമാരുടെയും അസിസ്റ്റന്റ് സർജന്മാരുടെയും തസ്തികകൾ ഒഴിവുകിടക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
ക്യാഷ്വാലിറ്റിയിലും തിരക്ക്:
അത്യാഹിത വിഭാഗത്തിൽ മാത്രം പ്രതിദിനം ഇരുനൂറിലധികം രോഗികളാണ് എത്തുനത്. അവിടെയും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് അടിയന്തര ചികിത്സ തേടിയെത്തുന്നവരെ കടുത്ത ആശങ്കയിലാക്കുന്നു.
വിശ്രമമില്ലാതെ ഡോക്ടർമാർ; വരുംമാസം പ്രവർത്തനം താളംതെറ്റാൻ സാധ്യത
നിലവിലുള്ള ഡോക്ടർമാർ കൃത്യമായ വിശ്രമമോ അവധിയോ ഇല്ലാതെ അമിത ജോലിഭാരം ചുമന്നാണ് സേവനം അനുഷ്ഠിക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വരുന്ന മാസം മുതൽ ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും താളംതെറ്റുമെന്നാണ് ആശങ്ക ഉയരുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടായി ഒഴിവുകൾ നികത്തണമെന്നാണ് നാട്ടുക്കാരുടെയും രോഗികളുടെയും ആവശ്യം.














Leave a Reply