വടകര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപകർ സംഘടിപ്പിച്ചത് ലഹരി പാർട്ടികൾ; അക്കൗണ്ടുകളിൽ ഒഴുകിയത് ലക്ഷങ്ങൾ

വടകര: കോഴിക്കോട് വടകരയിൽ അധ്യാപകർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. അറസ്റ്റിലായ മൂന്ന് അധ്യാപകരും ചേർന്ന് വിവിധയിടങ്ങളിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചതായി പോലീസ് കണ്ടെത്തി. കേസിൽ പിടിയിലായ കീർത്തന, കാവ്യ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ ആറുമാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായാണ് കണ്ടെത്തൽ.

ഇൻസ്റ്റഗ്രാം വഴി ശൃംഖല, ലഹരി വ്യാപാരത്തിൽ മിഡിൽ ഏജന്റുമാർ

ലഹരി മാഫിയയിലെ പ്രധാനികളുമായി ഇവർ ബന്ധം സ്ഥാപിച്ചത് ഇൻസ്റ്റഗ്രാം വഴിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മയക്കുമരുന്ന് മാഫിയയാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം വ്യാപിപ്പിച്ചത്. തുടക്കത്തിൽ സ്വന്തം ഉപയോഗത്തിനായി മംഗളൂരുവിലുള്ള സുഹൃത്ത് വഴിയാണ് ഇവർ എംഡിഎംഎ കൈപ്പറ്റിയിരുന്നത്. പിന്നീട് ആവശ്യക്കാരെ കണ്ടെത്തി ലഹരി വിൽപ്പന നടത്തുന്ന ശൃംഖലയിലെ പ്രധാന ‘മിഡിൽ ഏജന്റുമാരായി’ ഇവർ മാറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

സമൂഹത്തിൽ അധ്യാപകർക്കുള്ള പരിഗണനയും സംശയത്തിന് ഇടനൽകാത്ത പശ്ചാത്തലവും ലഹരി മാഫിയ പരമാവധി മുതലെടുക്കുകയായിരുന്നു.

‘എല്ലാം നിഷ്‌മയ്ക്ക് അറിയാം’: റേഞ്ച് ഡിഐജി ഇന്ന് യോഗം വിളിച്ചു

ചോദ്യം ചെയ്യലിൽ ലഹരിയുടെ മൊത്തവിതരണക്കാരായ പ്രധാനികളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രതികൾ ആദ്യം തയ്യാറായില്ല. എന്നാൽ, കേസിന്റെ മുഴുവൻ വിവരങ്ങളും മൂന്നാമത് പിടിയിലായ നിഷ്‌മയ്ക്ക് അറിയാമെന്നാണ് കീർത്തന മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനകം 10 ലക്ഷത്തിലധികം രൂപ മൂന്ന് പ്രതികളുടെയും അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിയതായി ഫിനാൻഷ്യൽ ഓഡിറ്റിംഗിൽ അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റേഞ്ച് ഡിഐജി കെ. കാർത്തിക് ഇന്ന് വടകരയിലെത്തി പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കും. സംഘത്തിൽ ഇനിയും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *