കാസർകോട്: ജില്ലയിൽ എച്ച്1എൻ1 (H1N1) ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ സ്വദേശിയായ യശോദയാണ് മരണപ്പെട്ടത്. പനിയും കടുത്ത ചുമയും ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ മംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തുടക്കത്തിൽ പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് കാസർകോടുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ എച്ച്1എൻ1 ലക്ഷണങ്ങൾ കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
ഏഴുപേർ നിരീക്ഷണത്തിൽ; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു
മരണപ്പെട്ട യശോദയുമായി അടുത്ത സമ്പർക്കത്തിൽ ഏർപ്പെട്ട ഏഴുപേർക്ക് കൂടി സമാനമായ പനി ലക്ഷണങ്ങൾ കണ്ടത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനകൾക്കായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി അജാനൂരും സമീപ പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പനി ബാധിതരുടെ എണ്ണത്തിൽ വർധന
നേരത്തെ അജാനൂർ മേഖലയിൽ ഷിഗെല്ല (Shigella) ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എച്ച്1എൻ1 മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. പനിയോടൊപ്പം ശ്വാസകോശ സംബന്ധമായ പ്രയാസങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.














Leave a Reply