മംഗളുരു: പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ യുവതിയെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു. കർണാടകയിലെ ബണ്ട്‌വാളിൽ വ്യാഴാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കല്ലഡ്കയിലെ സ്വകാര്യ നഴ്‌സിംഗ് ഹോം ജീവനക്കാരിയും കക്കേപദവ് സ്വദേശിയുമായ ലാവണ്യയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം പ്രതിയായ ചേതൻ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
തുടർച്ചയായ ശല്യം ചെയ്യൽ; പിന്നാലെയെത്തി അക്രമം ലാവണ്യയുടെ അകന്ന ബന്ധു കൂടിയാണ് പ്രതിയായ ചേതൻ. ലാവണ്യയ്ക്ക് താൽപര്യമില്ലാതിരുന്നിട്ടും ഇയാൾ നിരന്തരം പ്രണയാഭ്യർത്ഥനകളുമായി ശല്യം ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബി.സി റോഡ് കർണാടക ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു ലാവണ്യ.
ഇവിടെയെത്തിയ ചേതൻ ബാഗിൽ നിന്ന് മൂർച്ചയേറിയ ആയുധം പുറത്തെടുത്ത് യുവതിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ലാവണ്യ ഓടിയെങ്കിലും പ്രതി പിന്തുടർന്ന് ശരീരമാസകലം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ബസ് സ്റ്റാൻഡിലുണ്ടായിരുന്നവർ നോക്കിനിൽക്കെയായിരുന്നു പ്രതിയുടെ ക്രൂരത. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ലാവണ്യയെ ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ ബണ്ട്വാൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒളിവിൽ പോയ പ്രതി ചേതനെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
















Leave a Reply