പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രാരേഖ മാത്രം: കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ല, മറിച്ച് കേവലം ഒരു യാത്രാരേഖ മാത്രമാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വിദേശയാത്രകൾക്ക് വേണ്ടി മാത്രം ഉപയോഗിക്കേണ്ട ഒന്നാണെന്നാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം. രാജ്യത്ത് പാസ്‌പോര്‍ട്ട് പൗരത്വത്തിന്റെ തെളിവായി സ്വീകരിക്കാമോ എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും ചർച്ചകളും മുറുകുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ സുപ്രധാന പ്രസ്താവന പുറത്തുവരുന്നത്.

1967-ലെ പാസ്‌പോർട്ട് നിയമം ചൂണ്ടിക്കാട്ടി കേന്ദ്രം

1967-ലെ പാസ്പോര്‍ട്ട് നിയമപ്രകാരം ഇന്ത്യന്‍ പാസ്പോര്‍ട്ട് പ്രാഥമികമായി ഒരു യാത്രാ രേഖ മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 1967-ലെ പാസ്പോര്‍ട്ട് ആക്ട്, 1980-ലെ പാസ്പോര്‍ട്ട് നിയമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ഒരാൾക്ക് പാസ്പോര്‍ട്ടുകള്‍ അനുവദിക്കുന്നത്. എസ്‌.ഐ.ആർ (SIR) പരിഷ്‌കരണത്തിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് പൗരത്വ രേഖയായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന ചോദ്യം നേരത്തെ ഉയർന്നിരുന്നു. അന്നും പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന വാദമാണ് കേന്ദ്രം കോടതിയിൽ ഉൾപ്പെടെ മുന്നോട്ടുവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മന്ത്രാലയം ഔദ്യോഗികമായി നിലപാട് ആവർത്തിച്ചിരിക്കുന്നത്.

പാസ്‌പോർട്ട് ഉള്ളത് 8 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രം

രാജ്യത്തെ പൗരന്മാരിൽ ഭൂരിഭാഗം പേർക്കും പാസ്‌പോർട്ട് ഇല്ലെന്ന കാര്യവും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. നിലവില്‍ ഇന്ത്യന്‍ പൗരന്മാരില്‍ വെറും 8 ശതമാനത്തില്‍ താഴെ ആളുകളുടെ കൈവശം മാത്രമാണ് പാസ്പോര്‍ട്ട് ഉള്ളത്. അതിനാൽ തന്നെ ഇത് പൗരത്വം തെളിയിക്കാനുള്ള സാർവത്രിക രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന സൂചനയും മന്ത്രാലയം നൽകുന്നുണ്ട്. പൗരത്വ ഭേദഗതിയും അനുബന്ധ ചർച്ചകളും രാജ്യത്ത് സജീവമായിരിക്കുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ വ്യക്തതപ്പെടുത്തൽ ഏറെ രാഷ്ട്രീയ-നിയമ പ്രാധാന്യമുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *