പത്തനംതിട്ട: അടൂർ കോട്ടമുറിയിൽ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. മുപ്പത്തിയൊന്നുകാരിയായ ഷെഹനയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സംഭവസമയം വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് ഷെഹനയുടെ മാതാവ് പറഞ്ഞു. ഏഴംകുളം സ്വദേശിയായ യുവാവിനെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
“അവൻ തന്നെ ചെയ്തതാ സാറേ… ഞങ്ങൾക്ക് മൊത്തത്തിൽ സംശയമുണ്ട്. അവന്റെ ബൈക്ക് ഇവിടെയുണ്ടല്ലോ. അവൻ തന്നെയാണ് എല്ലാവരെയും വിളിച്ച് വിവരം അറിയിച്ചത്. വേറെ ആർക്കെങ്കിലും ഇതിൽ പങ്ക് ഉണ്ടോയെന്ന് അറിയില്ല. എന്റെ കൊച്ച് ഒരിയ്ക്കലും സ്വയം മരിക്കില്ല,” ഷെഹനയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ഷെഹനയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രിയിൽ വീട്ടിനുള്ളിൽ നിന്നും അസ്വാഭാവികമായ ശബ്ദം കേട്ട് അയൽവാസികൾ എത്തിയപ്പോൾ വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ നഗരസഭാ കൗൺസിലറെ വിവരം അറിയിച്ചു. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ എത്തി വാതിൽ തുറന്നപ്പോഴാണ് ഷെഹനയുടെ ആൺസുഹൃത്ത് വീട്ടിൽ നിന്നും പുറത്തുവന്നത്. തുടർന്ന് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഷെഹനയെ സ്റ്റെയർകേസിന്റെ ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ നാട്ടുകാർ അടൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും കസ്റ്റഡിയിലുള്ള യുവാവിന്റെയും ശരീരത്തിൽ രക്തപാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ശാസ്ത്രീയ പരിശോധനകൾക്കും പോസ്റ്റുമോർട്ടം റിപ്പോർട്ടിനും ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അടൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















Leave a Reply