യൂട്യൂബർ ‘തൊപ്പി’ ഒളിവിൽ; ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ് നീക്കം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നു. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ആലുവ റൂറൽ സൈബർ പോലീസിന്റെ ഈ നീക്കം. നിഹാദിന്റെ പാസ്‌പോർട്ട് വിവരങ്ങൾ പോലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്.

ചോദ്യംചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും, തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മറുപടി നൽകിയ ശേഷം തൊപ്പി ഒളിവിൽ പോവുകയായിരുന്നു. ഇയാൾ നിലവിൽ എറണാകുളം ജില്ല വിട്ടതായാണ് പോലീസിന്റെ നിഗമനം. കേസിൽ മൊഴിയെടുക്കുന്നതിനായി തൊപ്പിയുടെ സുഹൃത്തുക്കൾക്കും പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും അവരും ഇതുവരെ ഹാജരായിട്ടില്ല.

യൂട്യൂബ് ചാനൽ പൂട്ടിപ്പിച്ചു; മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

കേസന്വേഷിക്കുന്ന ആലുവ റൂറൽ സൈബർ പോലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തിരുന്നു.

അതേസമയം, നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് എറണാകുളം സെഷൻസ് കോടതിയിൽ ശക്തമായി എതിർത്തു. തൊപ്പിയും സംഘവും ചെയ്തത് അതീവ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണെന്നും അതിനാൽ യാതൊരു കാരണവശാലും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ കേസുകൾ, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെ ഉയർന്നിട്ടുള്ളത്. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറാണ് സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

‘എംആർസെഡ് ഗ്യാങ്ങിൽ’ ചേരിപ്പോര്: ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ

തൊപ്പിയുടെ ‘MRZ ഗ്യാങ്ങിൽ’ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദ്, ഷമീർ എന്നിവരും നിഹാദും തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരസ്പരം കടുത്ത ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നിഹാദിനെതിരെ സുഹൃത്തുക്കൾ രംഗത്തെത്തിയത്.

തൊപ്പി മാരക ലഹരിമരുന്നായ MDMA ഉപയോഗിക്കാറുണ്ടെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് സുഹൃത്തുക്കളുടെ ഗുരുതരമായ ആരോപണം. ഇതിന് തെളിവായി തൊപ്പിയുടെ മുറിയിൽ നിന്ന് കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും ഇവർ പുറത്തുവിട്ടിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം അവർക്ക് പണം നൽകിയാണ് തൊപ്പി പല പ്രശ്നങ്ങളും ഒതുക്കിതീർത്തതെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *