കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്ന കേസില്‍ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. നിഹാലിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ അധികൃതർ നീക്കം ചെയ്തു. ആലുവ റൂറല്‍ സൈബര്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.
അതേസമയം, കേസിൽ നിഹാദ് നൽകിയ മുന്‍കൂര്‍ജാമ്യാപേക്ഷയെ പൊലീസ് കോടതിയിൽ ശക്തമായി എതിര്‍ത്തു. പ്രതി ചെയ്തിരിക്കുന്നത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ അതീവ ഗുരുതരമായ ആരോപണങ്ങളാണ് തൊപ്പിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ഉയർന്നിട്ടുള്ളത്.
സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ തിരിച്ചടിയായി
നിഹാദും അദ്ദേഹത്തിന്റെ ‘എംആര്‍സെഡ് ഗ്യാങ്ങിൽ’ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ-പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയത് കേസിൽ നിർണായകമായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം നിഹാദിനെതിരെ ഇവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ പൊലീസിന്റെ വാദങ്ങൾക്ക് ബലം നൽകുന്നതാണ്.
തൊപ്പി വലിയ തോതിൽ എംഡിഎംഎ (MDMA) ഉപയോഗിക്കാറുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നുമാണ് മുൻ സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്. ഇതിന് പുറമെ തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന ഒരു വീഡിയോയും ഇവർ പുറത്തുവിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷം അവർക്ക് പണം നല്‍കി പ്രശ്നം ഒതുക്കിതീർക്കാനാണ് തൊപ്പി ശ്രമിച്ചതെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ സൈബർ പൊലീസിന്റെ അന്വേഷണം ഊർജിതമായി തുടരുകയാണ്.
















Leave a Reply