തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ഗുരുതര ആരോപണം. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ നെയ്യാറ്റിന്‍കര സ്വദേശിയായ രാജേഷ് കുമാര്‍ (52) ആണ് ആശുപത്രി വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചത്.
അടിയന്തരമായി നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഒപി ടിക്കറ്റെടുക്കാൻ ക്യൂവില്‍ നില്ക്കാന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അരമണിക്കൂറോളം കടുത്ത നെഞ്ചുവേദനയോടെ ക്യൂവില്‍ നിന്ന ശേഷമാണ് രാജേഷ് കുമാര്‍ കുഴഞ്ഞുവീണത്. കൃത്യസമയത്ത് പ്രഥമശുശ്രൂഷയോ ചികിത്സയോ ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
ആശുപത്രിയിൽ വൻ പ്രതിഷേധം; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ
സംഭവത്തെ തുടര്‍ന്ന് രാജേഷിന്റെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ വന്‍ വാക്കേറ്റവും പ്രതിഷേധവുമുണ്ടായി. വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാതെ രാജേഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കള്‍.
സംഭവത്തിൽ നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുനില്‍ കുമാര്‍ ഇടപെട്ടിട്ടുണ്ട്. രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ ഭാഗത്തുനിന്ന് ഗുരുതരമായ ആരോപണങ്ങൾ ഉയര്‍ന്നിട്ടുണ്ടെന്നും, പരാതി രേഖാമൂലം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കൃത്യമായ പരിശോധനയും അന്വേഷണവും നടത്തുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
അതേസമയം, സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ജോയ് ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും മരണപ്പെട്ട രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ച് വരികയാണെന്നും സൂപ്രണ്ട് അറിയിച്ചു.
ആരോഗ്യമേഖലയിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും, അത്യാഹിത വിഭാഗങ്ങളിൽ പോലും ഗുരുതരാവസ്ഥയിലുള്ള രോഗികളോട് കാട്ടുന്ന ഇത്തരം അനാസ്ഥകൾക്കെതിരെ വലിയ ജനരോഷമാണ് പ്രദേശത്ത് ഉയരുന്നത്.
















Leave a Reply