തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പുനൽകുന്ന ‘പ്രിയദര്‍ശിനി’ പദ്ധതിക്കെതിരായ പരാതികള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖലയിലുണ്ടായ കടുത്ത പ്രതിസന്ധി പരിഹരിക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ മുഖ്യമന്ത്രിയുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സമിതിയെ നിയോഗിക്കാനുള്ള അന്തിമ തീരുമാനമുണ്ടായത്. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസുകൾക്കുണ്ടായ വരുമാന നഷ്ടവും മറ്റ് പ്രായോഗിക ബുദ്ധിമുട്ടുകളും സമിതി വിശദമായി പരിശോധിക്കും.
ടിക്കറ്റ് ഇതര വരുമാനത്തിലൂടെ സംരക്ഷണം
സ്വകാര്യ ബസ് മേഖലയെ കൈവിടില്ലെന്നും ടിക്കറ്റ് ഇതര വരുമാനത്തിലൂടെ അവരെ സംരക്ഷിക്കുമെന്നും ഗതാഗത മന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ബസുകളിലെ പരസ്യ വരുമാനം സ്വകാര്യ ബസുകള്‍ക്കും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ ആലോചന
ഇന്ധനവില വർധനവ് കാരണം സ്വകാര്യ ബസ് സർവീസുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഇത് കണക്കിലെടുത്ത് നിലവിലുള്ള സ്വകാര്യ ബസുകളെ സിഎൻജി (CNG) ഇന്ധനത്തിലേക്ക് മാറ്റുന്ന കാര്യം സർക്കാരിന്റെ സജീവ ആലോചനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ.
















Leave a Reply