പള്ളഞ്ചി: ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഓലമേഞ്ഞ വീട് പൂർണ്ണമായും കത്തിനശിച്ചു. കുറ്റിക്കോൽ പഞ്ചായത്തിലെ കാവുകാൽ നിടുകുഴിയിലെ ടി. സതീശന്റെ (45) വീടാണ് കത്തിയത്. അപകടത്തിൽ നിന്നും സതീശൻ അത്ഭുതകരമായി രക്ഷപ്പെട്ടു. സതീശൻ തനിച്ചായിരുന്നു ഈ വീട്ടിൽ താമസം.
വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഗ്യാസ് സ്റ്റൗവിൽ വെച്ചിരുന്ന ചട്ടിയിലെ എണ്ണയ്ക്ക് തീപിടിക്കുകയും, ഇത് ചുമരിലെ ഓലയിലേക്ക് പടരുകയുമായിരുന്നു. വീടിന്റെ ചുമരും മേൽക്കൂരയും ഓലകൊണ്ട് നിർമ്മിച്ചതായതിനാൽ തീ അതിവേഗം ആളിപ്പടർന്നു.
തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ സതീശന്റെ മുഖത്ത് പൊള്ളലേറ്റു. തീ നിയന്ത്രണാതീതമായതോടെ ഇയാൾ വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പാചകത്തൊഴിലാളിയാണ് സതീശൻ.
നാടിനെ നടുക്കി വൻ സ്ഫോടനം; സിലിണ്ടറുകളും ഫ്രിഡ്ജും പൊട്ടിത്തെറിച്ചു
തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും വീടിനകത്ത് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നതിനാൽ ആർക്കും അടുത്തേക്ക് പോകാനോ തീ കെടുത്താനോ സാധിച്ചില്ല. വീട്ടിൽ വലുതും ചെറുതുമായ രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്. നാട്ടുകാർ നോക്കിനിൽക്കെ വലിയ ഗ്യാസ് സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീഗോളമായി മുകളിലേക്ക് ഉയർന്നുവെന്ന് അയൽവാസി മധു പറഞ്ഞു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ നാട്ടുകാർ ചിതറിയോടി. തുടർന്ന് ചെറിയ സിലിണ്ടറും വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ തീവ്രതയിൽ സമീപത്തെ വീടുകളിൽ പോലും ശക്തമായ പ്രകമ്പനമുണ്ടായി.
സർവ്വവും കത്തിയമർന്നു
ഓലമേഞ്ഞ വീടായിരുന്നെങ്കിലും ഒരു വീട്ടിലേക്കാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഉപകരണങ്ങളും സതീശന്റെ വീട്ടിലുണ്ടായിരുന്നു. ടിവി, കട്ടിൽ, കിടക്ക തുടങ്ങി വീട്ടിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും പൂർണ്ണമായും കത്തിയമർന്നു. പാചക ആവശ്യങ്ങൾക്കായി കരുതിവെച്ചിരുന്ന പത്തോളം കുമ്പളങ്ങ, ഒട്ടേറെ തേങ്ങ എന്നിവയും കത്തിയവയിൽ പെടുന്നു. കൂടാതെ വലിയ അലുമിനിയം പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും ഉരുകി തീർത്തും ഉപയോഗശൂന്യമായി മാറിയിട്ടുണ്ട്. സതീശന്റെ കുടുംബവീട് ഇതിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.














Leave a Reply