കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും നാടകീയ രംഗങ്ങൾ. ‘അമ്മ’യിലെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രമേഷ് പിഷാരടി രാജിവെച്ചു. ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും സംഘടനയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും രമേഷ് പിഷാരടി മാധ്യമങ്ങളോട് വ്യക്തമാക്കി. ശ്വേതാ മേനോനുമായുളള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ തനിക്ക് കടുത്ത വേദനയുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാഥമിക അംഗത്വത്തില്‍ നിന്നുപോലും രാജി പ്രഖ്യാപിച്ച ഒരാളുടെ ഹര്‍ജിയില്‍ എങ്ങനെയാണ് കോടതിയിൽ നിന്നും സ്റ്റേ വരുന്നതെന്ന് തനിക്ക് വേണമെങ്കില്‍ ചോദിക്കാമെന്നും, എന്നാല്‍ അത്തരം നിയമപോരാട്ടങ്ങളിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പിഷാരടി പറഞ്ഞു.
അന്ന് സംഭവിച്ചത് ഇതാണ്…
രാജിയെക്കുറിച്ച് രമേഷ് പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ:
“‘അമ്മ’ സംഘടനയുടെ ജനറല്‍ ബോഡി ദിവസം ഒരു ഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന എല്ലാ ഭാരവാഹികളും രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. സംഘടനയില്‍ നിന്നുതന്നെ രാജിവയ്ക്കുകയാണ് എന്ന് പ്രസിഡന്റ് മാധ്യമങ്ങളോടും അവിടെയുണ്ടായിരുന്ന അംഗങ്ങളോടും പറഞ്ഞപ്പോള്‍ ജഗദീഷേട്ടനെ അധ്യക്ഷനാക്കി താല്‍ക്കാലിക യോഗം ചേര്‍ന്നു. അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കേണ്ട ഘട്ടമുണ്ടായി എന്നും കണ്‍വീനര്‍ ആകാമോ എന്നും എന്നെ വിളിച്ച് ചോദിച്ചു. ഞാന്‍ നില്‍ക്കാമെന്ന് പറഞ്ഞു.
കണ്‍വീനര്‍ക്ക്് ഒരു മീറ്റിംഗ് വിളിച്ചുകൂട്ടാനോ മറ്റ് കാര്യങ്ങള്‍ ചെയ്യാനോ അധികാരമില്ല എന്ന നിലയ്ക്കാണ് ഇപ്പോള്‍ കോടതി സ്‌റ്റേ വന്നിരിക്കുന്നത്. കമ്മിറ്റി പറഞ്ഞു, ഞാന്‍ കണ്‍വീനറായി. കോടതി പറഞ്ഞു, ഞാന്‍ മാറുന്നു. കോടതി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് എന്റെ ധാര്‍മ്മിക ഉത്തരവാദിത്വം കൂടി കണക്കിലെടുത്ത് ഇതില്‍ കടിച്ചുതൂങ്ങണം എന്ന് എനിക്കാഗ്രമില്ല. ഞാനും രാജിവയ്ക്കുകയാണ്.”
താക്കോൽ പോലും തന്നില്ല; ഓഡിയോ ലീക്കായതിൽ വേദനയുണ്ട്!
അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചെങ്കിലും സംഘടനയുടെ മിനുട്‌സ് ബുക്ക് പോലും തങ്ങൾക്ക് കിട്ടിയിരുന്നില്ലെന്നും, പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഓഫീസുകളുടെ താക്കോലുകള്‍ പോലും ലഭിച്ചിരുന്നില്ലെന്നും പിഷാരടി വെളിപ്പെടുത്തി. ഇതൊന്നും തന്നില്ലെങ്കിലും അവരോട് ചോദിച്ചുകൊണ്ടിരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘അമ്മ’ സംഘടനയെ കോടതിയില്‍ എത്തിക്കണമെന്ന് എനിക്ക് ഒരു ആഗ്രഹവുമില്ലായിരുന്നു. എനിക്ക് പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കണമെന്നായിരുന്നു. ശ്വേതയോട്, അന്‍സിബയോട്, ടിനി ടോമിനോട്, ലക്ഷ്മിപ്രിയയോട്, മല്ലിക ചേച്ചിയോട്, അവരുടെ അഭിഭാഷകരോട് എല്ലാം മണിക്കൂറുകളോളം ഞാന്‍ സംസാരിച്ചിരുന്നു. അതിലൊരു ഓഡിയോ ആണ് ഇന്ന് റിലീസായത്. ലീക്ക് എന്ന് പറയുന്നില്ല, എവിടെനിന്നാണ് അത് റിലീസായതെന്ന് വ്യക്തമായി മനസിലാകും. വ്യക്തിപരമായി എനിക്ക് നല്ല സൗഹൃദമുണ്ടായിരുന്ന ഒരാളിൽ നിന്നും, പ്രശ്നങ്ങൾ രമ്യതയില്‍ എത്തിക്കാന്‍ വേണ്ടി സംസാരിച്ച ഓഡിയോ പുറത്തുവിട്ടതില്‍ എനിക്ക് വ്യക്തിപരമായ കടുത്ത വേദനയുണ്ടെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
ഭാരവാഹികളുടെ കൂട്ടരാജിയും അഡ്‌ഹോക് കമ്മിറ്റി രൂപീകരണവും ഒടുവിൽ കോടതി സ്റ്റേയും പിഷാരടിയുടെ രാജിയുമെല്ലാമായി ‘അമ്മ’ സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്.















Leave a Reply