കാസർകോട് തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; ‘പ്രിയദർശിനി’ പദ്ധതിയിൽ പ്രതിസന്ധിയെന്ന് ഉടമകൾ

കാസർകോട്: ജില്ലയിലെ സ്വകാര്യ ബസുകൾ വരും തിങ്കളാഴ്ച (ജൂലൈ 6) പണിമുടക്കും. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയെത്തുടർന്ന് സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പണിമുടക്ക്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ്റെ നേതൃത്വത്തിലാണ് സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആദ്യമാസത്തിൽ തന്നെ നടപ്പാക്കിയ പ്രിയദർശിനി പദ്ധതി യാഥാർത്ഥ്യമായതോടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞെന്നാണ് ഉടമകളുടെ പരാതി. ഡീസലടിക്കാൻ പോലുമുള്ള വരുമാനം നിലവിൽ ലഭിക്കുന്നില്ലെന്നും ബസ് വ്യവസായം വലിയ നഷ്ടത്തിലാണെന്നും ഭാരവാഹികൾ വ്യക്തമാക്കുന്നു.
സർക്കാരിന് മുന്നിൽ വെച്ച പ്രധാന ആവശ്യങ്ങൾ:

സ്വകാര്യ ബസ് വ്യവസായത്തെ തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ചില പ്രധാന നിർദേശങ്ങൾ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്:

  • സൗജന്യ യാത്ര വോട്ടർ ഐഡി മുഖേന ദിവസം രണ്ട് യാത്രകളായി പരിമിതപ്പെടുത്തുക.
  • ഇന്റർ സ്റ്റേറ്റ്, ടൗൺ ടു ടൗൺ ബസുകളിൽ ഈ സൗജന്യം അനുവദിക്കരുത്.
  • തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക.
  • സ്വകാര്യ ബസ് മേഖലയെ ഒരു വ്യവസായമായി അംഗീകരിക്കുകയും റോഡ് ടാക്‌സ് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുക.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് സർക്കാർ പ്രിയദർശിനി പദ്ധതി നടപ്പാക്കിയത്. എന്നാൽ, ഇത് കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂർണ്ണമായ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

തിങ്കളാഴ്ച ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തിവെക്കുന്നതോടെ, യാത്രക്കാരും വിദ്യാർത്ഥികളും കടുത്ത യാത്രാദുരിതത്തിലാകുമെന്നാണ് വിലയിരുത്തൽ. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം സംസ്ഥാന വ്യാപകമാക്കാനാണ് ബസുടമകളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *