പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്: ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പോക്‌സോ പ്രകാരം അറസ്റ്റിൽ

കാസർകോട്: പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ യുവ ഓട്ടോ ഡ്രൈവറെ വിദ്യാനഗർ പൊലീസ് പോക്‌സോ (POCSO) നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശിയും ബാവലിമന അമീർ മൻസിലിൽ താമസക്കാരനുമായ അബുതാഹിറിനെയാണ് (22) വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടർ എം.പി. വിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതി രണ്ട് ദിവസത്തിനകം ഗൾഫിലേക്ക് പോകാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് പൊലീസിന്റെ നിർണായക ഇടപെടലുണ്ടായത്.

ചാറ്റുകൾ വഴി പുറത്തായ ക്രൂരത

2022-2023 കാലയളവിൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമയത്താണ് പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ ഫോൺ പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് അബുതാഹിറുമായി പെൺകുട്ടി നിരന്തരം ചാറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയത്.

തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ വിശദമായ കൗൺസിലിംഗിന് വിധേയയാക്കി. ഈ സമയത്താണ് താൻ ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി തുറന്നുപറഞ്ഞത്. ഉടൻ തന്നെ വീട്ടുകാർ വിദ്യാനഗർ പൊലീസിൽ പരാതി നൽകുകയും, ഒളിച്ചുകടക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അതിവേഗം വലയിലാക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *