തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കർശനമാക്കാൻ ഒരുങ്ങി സർക്കാർ. ഇനിമുതൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും മദ്യം വാങ്ങാൻ എത്തുന്നവർക്ക് പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും. കർണാടക മോഡലിൽ ‘നോ ഐഡി – നോ എൻട്രി’ (No ID – No Entry) എന്ന നിബന്ധന കേരളത്തിലും നടപ്പിലാക്കാനാണ് ആലോചന.
സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഔദ്യോഗിക പ്രായപരിധി നിലവിൽ 23 വയസാണ്. എന്നാൽ, ഈ പ്രായപരിധി നിയന്ത്രണം പലയിടത്തും കർശനമായി പാലിക്കപ്പെടുന്നില്ലെന്ന വ്യാപക പരാതിയെത്തുടർന്നാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച എക്സൈസ് വകുപ്പിന്റെ ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. വിശദമായ ചർച്ചകൾക്ക് ശേഷം അന്തിമ ഉത്തരവ് പുറത്തിറങ്ങും.
സംശയം തോന്നിയാൽ ഐഡി കാർഡ് നിർബന്ധം
മദ്യം വാങ്ങാൻ എത്തുന്നവരുടെ പ്രായത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കോ കൗണ്ടറുകളിലുള്ളവർക്കോ സംശയം തോന്നിയാൽ ഉടൻ തന്നെ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ (ആധാർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ) പരിശോധിക്കും. 23 വയസ് പൂർത്തിയായി എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യം നൽകുകയുള്ളൂ. പ്രായപൂർത്തിയാകാത്തവരും വിദ്യാർത്ഥികളും മദ്യശാലകളിൽ എത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രായപരിധി കടന്നുവന്ന വഴി:
- മുൻപ് സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി 18 വയസ് ആയിരുന്നു.
- ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഇത് 21 വയസ് ആയി ഉയർത്തിയത്.
- പിന്നീട് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് (2017-ൽ) പ്രായപരിധി 23 വയസ് ആക്കി മാറ്റി.
23 വയസ് എന്ന നിയമം നേരത്തെ തന്നെയുണ്ടെങ്കിലും അത് കൃത്യമായി നടപ്പിലാക്കാൻ ഐഡി കാർഡ് പരിശോധന ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളിലേക്ക് സർക്കാർ ഇതുവരെ കടന്നിരുന്നില്ല. എന്നാൽ കർണാടകയിൽ പബ്ബുകളിലും ബാറുകളിലും നടപ്പിലാക്കിയ കർശന പരിശോധനാ രീതി മാതൃകയാക്കി നിയമം പൂർണ്ണതോതിൽ നടപ്പിലാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.















Leave a Reply