പയ്യന്നൂർ: കളിക്കാൻ പോയ പതിനൊന്നുകാരിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ റിട്ടയേർഡ് പൊലീസുകാരൻ അറസ്റ്റിൽ. കാപ്പുമ്മേൽ ഇളയടത്ത് സ്വദേശി ഇ.വി. ഗോപിനാഥനെയാണ് (62) പരിയാരം പൊലീസ് ഇൻസ്പെക്ടർ കെ.പി. സതീഷ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ദീർഘകാലം പൊലീസ് ഫോട്ടോഗ്രാഫറായി ജോലി ചെയ്ത് വിരമിച്ചയാളാണ് പ്രതി.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. കനത്ത മഴയെത്തുടർന്ന് സ്കൂളുകൾക്ക് അവധിയായിരുന്നതിനാൽ കുട്ടി വീടിന് സമീപം കളിക്കാൻ പോയതായിരുന്നു. ഈ സമയത്ത് മദ്യലഹരിയിൽ സ്ഥലത്തെത്തിയ ഗോപിനാഥൻ പെൺകുട്ടിയെ ബലമായി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നാട്ടുകാർ വീട് വളഞ്ഞു, നാടകീയ രംഗങ്ങൾ
കളിക്കാൻ പോയ കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ റിട്ട. പൊലീസുകാരന്റെ വീട്ടിൽ കണ്ടെത്തിയത്. തുടക്കത്തിൽ ഭയം കാരണം കുട്ടി ഒന്നും പറഞ്ഞില്ലെങ്കിലും, പിന്നീട് നേരിടേണ്ടി വന്ന ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് രോഷാകുലരായ വൻ ജനക്കൂട്ടം ഗോപിനാഥന്റെ വീട് വളഞ്ഞു. നാട്ടുകാർക്കിടയിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പൊലീസ് കൊണ്ടുപോയതിന് ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. പ്രതിക്കെതിരെ കർശനമായ വകുപ്പുകൾ ചുമത്തി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.















Leave a Reply