കാസർകോട്: ജില്ലയിൽ തുടരുന്ന അതിശക്തമായ കാലവർഷത്തിനിടയിൽ കീഴൂരിൽ വീട് തകർന്നു വീണു. അപകടസമയത്ത് വീട്ടിനുള്ളിലുണ്ടായിരുന്ന കിടപ്പുരോഗി ഉൾപ്പെടെയുള്ള അഞ്ചംഗ കുടുംബം അത്ഭുതകരമായാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
കീഴൂർ കടപ്പുറത്തെ സുബ്രഹ്മണ്യ മഠത്തിന് പിന്നിൽ താമസിക്കുന്ന കുഞ്ഞികൃഷ്ണന്റെ ഓടിട്ട വീടാണ് തകർന്നത്. പുലർച്ചെ വീട്ടുകാർ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് വീടിന്റെ മേൽക്കൂര തകർന്നു വീഴുന്ന വലിയ ശബ്ദം കേട്ടത്. ശബ്ദം കേട്ട് ഞെട്ടിയുണർന്ന വീട്ടുകാർ പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.
വീട്ടുടമയായ കുഞ്ഞികൃഷ്ണൻ, ഭാര്യ ശാരിക, കിടപ്പുരോഗിയായ സഹോദരൻ ഷാജി, കുട്ടികളായ സച്ചു, കിച്ചു എന്നിവരാണ് അപകടസമയത്ത് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. മേൽക്കൂര തകർന്നതിനെ തുടർന്ന് വീട് പൂർണ്ണമായും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
സംഭവമറിഞ്ഞ് റവന്യൂ അധികൃതരും ജനപ്രതിനിധികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. തകർന്ന വീടിനുള്ളിൽ നിന്നും ദുരിതത്തിലായ കുടുംബത്തെ താൽക്കാലികമായി സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള അടിയന്തര ശ്രമങ്ങൾ അധികൃതരുടെ നേതൃത്വത്തിൽ ആരംഭിച്ചു.













Leave a Reply