കാസർകോട്: റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. മുള്ളേരിയ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ദീക്ഷ (17) യാണ് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് രണ്ടു മണിയോടെ മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മുള്ളേരിയ വിവേകാനന്ദ നഗർ സ്വദേശിയും ദീക്ഷ പഠിക്കുന്ന സ്കൂളിലെ പാചക തൊഴിലാളിയുമായ ബി. കൃഷ്ണയുടെയും രാധാമണിയുടെയും മകളാണ്. മുള്ളേരിയ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ദീപക് ഏക സഹോദരനാണ്.
കഴിഞ്ഞ ജൂൺ 23 ന് വൈകുന്നേരം നാലുമണിയോടെ സ്കൂളിന് സമീപത്തുവെച്ചായിരുന്നു ദീക്ഷയ്ക്ക് അപകടം സംഭവിച്ചത്. അയൽവാസിയായ ശ്രിയാൻ (4) എന്ന കുട്ടിയെ സ്കൂളിൽ നിന്നും കൂട്ടി വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിൽ മുള്ളേരിയ – ബദിയഡുക്ക റോഡിൽ ഗജാനന സ്കൂളിന് സമീപത്തുവെച്ച് കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാലുവയസുകാരൻ ശ്രിയാൻ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ (ബുധനാഴ്ച) രാവിലെ 9 മണിക്ക് മുള്ളേരിയ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വിവേകാനന്ദ നഗറിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും. ദീക്ഷയുടെ വിയോഗത്തിൽ മുള്ളേരിയ നാടും സ്കൂളും കടുത്ത ദുഃഖത്തിലാണ്.












Leave a Reply