കാഞ്ഞങ്ങാട്: റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി ചോര വാർന്ന്, മരണത്തോട് മല്ലടിച്ചു കിടന്ന മുപ്പത്താറുകാരന് രക്ഷകനായി യുവാവ്. അഗ്നിരക്ഷാസേനയും ആംബുലൻസും വരാൻ കാത്തുനിന്നാൽ ജീവൻ പൊലിയുമെന്നുറപ്പായ നിമിഷത്തിൽ, താൻ ഉടുത്തിരുന്ന കാവിമുണ്ട് അഴിച്ചു നൽകി അതിൽ കിടത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. കാഞ്ഞങ്ങാട് നിത്യാനന്ദ ആശ്രമത്തിലെ ജീവനക്കാരനായ കെ. സന്തോഷാണ് ഈ മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തിയത്.
ലോക്കോ പൈലറ്റ് നൽകിയ സന്ദേശം, ഒടുവിൽ കണ്ടെത്തി
ഞായറാഴ്ച രാവിലെ കുശാൽനഗർ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. ട്രെയിൻ തട്ടി ആരോ ട്രാക്കിൽ കിടക്കുന്നുണ്ടെന്ന വിവരം ലോക്കോ പൈലറ്റാണ് റെയിൽവേ ഗേറ്റ് മാനെ അറിയിച്ചത്. ഗേറ്റ് മാൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സന്തോഷും സുഹൃത്ത് സുനിലും സ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസുകാരും ചേർന്ന് റെയിൽവേ ഗേറ്റിന് തെക്ക് ഭാഗത്തേക്ക് തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
മുക്കാൽ കിലോമീറ്ററോളം ട്രാക്കിലൂടെ നടന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് റെയിൽവേ ട്രാക്കുകൾക്ക് നടുവിൽ ചോരയിൽ കുളിച്ച നിലയിൽ വെള്ളിക്കോത്ത് സ്വദേശിയായ അനീഷിനെ (36) കണ്ടെത്തിയത്.
തുണയായത് സന്തോഷിന്റെ മനസ്സാന്നിധ്യം
അനക്കമില്ലാതെ കിടന്ന അനീഷിനെ തൊട്ടുനോക്കിയപ്പോഴാണ് ജീവനുണ്ടെന്ന് സന്തോഷിന് മനസ്സിലായത്. ഇതോടെ ഇവർ ഉറക്കെ വിളിച്ചുകൂവി ആളുകളെ കൂട്ടുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും സലാമും സുനിലും അടക്കമുള്ളവർ ഉടൻ തന്നെ ഓടിയെത്തി. അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്കും അനീഷിന്റെ അവസ്ഥ എന്താകുമെന്ന് പറയാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
സ്ട്രെച്ചറോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ എങ്ങനെ അനീഷിനെ റോഡിൽ എത്തിക്കുമെന്ന ചിന്തയിലായി എല്ലാവരും. ഈ സമയത്താണ് ഒട്ടും മടിക്കാതെ സന്തോഷ് താൻ ഉടുത്തിരുന്ന കാവിമുണ്ട് അഴിച്ചു നൽകിയത്. തുടർന്ന് ആ മുണ്ടിൽ അനീഷിനെ കിടത്തി തൊട്ടിൽ പോലെയാക്കി ട്രാക്കിൽ നിന്നും റോഡിലേക്ക് ചുമന്നെത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ
റോഡിലെത്തിച്ചപ്പോഴേക്കും അഗ്നിരക്ഷാസേനയുടെ വാഹനവും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് അനീഷിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്കും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കാസർകോട് മിംസ് ആശുപത്രിയിലേക്കും മാറ്റി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ അനീഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്.
അപകട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മടിച്ച് നിൽക്കുകയോ, മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കിടയിൽ, സ്വന്തം ഉടുമുണ്ട് അഴിച്ചു നൽകി ഒരു ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ സന്തോഷിന്റെ മനസ്സാന്നിധ്യത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് നാട്ടുക്കാരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.












Leave a Reply