മഴ ശക്തം: കാസർകോടും കണ്ണൂരും ഓറഞ്ച് അലേർട്

ഓൺലൈൻ ഡെസ്ക്: കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ കടുക്കുന്നത്. ഇതിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും നിർദേശിച്ചു.

വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ ഇങ്ങനെ:

  • ഇന്ന് (തിങ്കൾ): കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
  • നാളെ (ചൊവ്വാഴ്ച): കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ കാസർകോട് ജില്ലയിലെ മലയോര മേഖലകളിലും പുഴയോരങ്ങളിലും ഉള്ളവർ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

പൊതുജനങ്ങൾക്കായി ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ:

⚠️ വിനോദയാത്രകളും രാത്രിയാത്രകളും പൂർണ്ണമായി ഒഴിവാക്കുക

മഴ മുന്നറിയിപ്പ് മാറുന്നത് വരെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. അത്യാവശ്യമല്ലാത്ത രാത്രിയാത്രകളും പരിമിതപ്പെടുത്തുക.

  • സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കുക: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും ഉള്ളവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കണം.
  • ക്യാമ്പുകൾ ഉറപ്പാക്കുക: ദുരന്തസാധ്യത പ്രദേശങ്ങളിൽ ഉള്ളവർ തങ്ങളുടെ പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു എന്ന് ഉറപ്പാക്കേണ്ടതും, പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെടേണ്ടതുമാണ്.
  • ശക്തമായ കാറ്റ്; വീടുകൾക്ക് ജാഗ്രത: അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ ഉള്ളവരും പ്രത്യേക ജാഗ്രത പുലർത്തണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
  • ജലാശയങ്ങളിൽ ഇറങ്ങരുത്: ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.
  • റോഡ് യാത്രകളിൽ പ്രത്യേക ശ്രദ്ധ: ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും റോഡപകടങ്ങൾ വർധിക്കാനും സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണം. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *