മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ബദ്‌ലാപൂരിൽ ബിഎംഡബ്ല്യു Z4 കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. മുംബൈ – വഡോദര ഹൈവേയിലാണ് ദാരുണമായ ഈ അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോൾ കാർ മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഭാഗങ്ങൾ റോഡിൽ ചിതറിത്തെറിച്ചു.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തിത്വാലയിൽ നിന്നും ഒരു ജന്മദിനാഘോഷം കഴിഞ്ഞ് ബദ്‌ലാപൂരിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാർ ഹൈവേയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കാറിലുണ്ടായിരുന്ന ബദ്‌ലാപൂർ സ്വദേശിയായ യോഗേഷ് നേഗി (26), മുംബൈ ബാന്ദ്ര സ്വദേശിനിയായ റെബേക്ക ജേക്കബ് (24) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു യാത്രികനായ അങ്കാദ് ഗില്ലിന് (26) ഗുരുതരമായി പരിക്കേൽക്കുകയും ഇയാളെ കല്യാണിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. യോഗേഷിന്റെ ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു മൂവരും.
ഡിവൈഡറിൽ ഇടിച്ച കാർ നിരവധി തവണ മലക്കംമറിയുകയും കാറിന്റെ എഞ്ചിൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ 30 മീറ്ററോളം ദൂരേക്ക് തെറിച്ചുപോവുകയും ചെയ്തു. കൺവേർട്ടിബിൾ കാറിന്റെ മുകൾഭാഗം തുറന്ന നിലയിലായിരുന്നതിനാൽ യാത്രികർ ദൂരേക്ക് തെറിച്ചുവീണതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
അപകടത്തിന് തൊട്ടുമുമ്പ് കാറിനുള്ളിലെ സ്പീഡോമീറ്ററിൽ 251 കിലോമീറ്റർ വേഗത കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യാത്രികരിൽ ഒരാൾ തന്നെയാണ് ഈ വീഡിയോ പകർത്തിയത്. ഈ ദൃശ്യങ്ങളുടെ ആധികാരികത പോലീസ് പരിശോധിച്ചുവരികയാണ്. അപകടം നടന്ന ഹൈവേയുടെ ഈ ഭാഗം നിർമ്മാണപ്രവർത്തികൾ നടക്കുന്നതിനാൽ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നില്ല. സ്ട്രീറ്റ് ലൈറ്റുകൾ പോലും ഇല്ലാത്ത ഈ വഴിയിലേക്ക് ഇവർ എങ്ങനെ പ്രവേശിച്ചു എന്ന കാര്യത്തിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചതിന് പരിക്കേറ്റ അങ്കാദ് ഗില്ലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.















Leave a Reply